ഇറാനുമായുള്ള യുദ്ധം വീണ്ടും തുടങ്ങാന്‍ സാധ്യത കുറവെന്നു  ട്രംപ്

ഇറാനുമായുള്ള യുദ്ധം വീണ്ടും തുടങ്ങാന്‍ സാധ്യത കുറവെന്നു  ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ വീണ്ടും സൈനിക നടപടി ആവശ്യമായി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ആവശ്യമെങ്കില്‍ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും എന്നാല്‍ ഇതിനകം ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുമായി ശക്തമായ സമാധാന കരാറില്‍ ഇറാന്‍ ഒപ്പുവെക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനുമായുള്ള യുദ്ധം അമേരിക്കയില്‍ വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഈ യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഭാഗികമായി കാരണമായെന്ന് ട്രംപ് നേരത്തെ സമ്മതിച്ചിരുന്നു. ഇറാന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഉയര്‍ന്ന പണപ്പെരുപ്പം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. സാമ്പത്തിക സമ്മര്‍ദം മൂലം ഇറാന്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിച്ച് സമാധാന കരാറില്‍ ഒപ്പുവെക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

അതേസമയം, അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനായി സമാധാന ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മധ്യസ്ഥരുടെ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ഇറാന്റെ ഔദ്യോഗിക ടെലിവിഷനോട് വ്യക്തമാക്കി. തുടര്‍നടപടികള്‍ എങ്ങനെയായിരിക്കുമെന്ന് സാഹചര്യം വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂ ടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഭാഗിക നിയന്ത്രണം തുടരുകയാണ്. ഇതുമൂലം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണവിതരണത്തെ ബാധിക്കുകയും അമേരിക്കയില്‍ ഇന്ധനവില ഉയരുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തി വര്‍ധിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

Trump says war with Iran unlikely to resume


Share Email
LATEST excelnclexrn
More Articles
Top