വാഷിംഗടണ്‍: എന്‍വിഡിയ സിഇഒ സ്ഥാനത്തുനിന്ന് ജെന്‍സന്‍ ഹുവാങ് രാജിവെച്ചതിനു പിന്നാലെ പകരക്കാരനായി ആപ്പിള്‍ മേധാവി ടിം കുക്കിനെ നിര്‍ദേശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘എന്‍വിഡിയയ്ക്ക് ഇനി ആ സ്ഥാനത്തേക്ക് ഒരേയൊരു വ്യക്തി മാത്രമാണുള്ളത്, അത് ആപ്പിളിന്റെ ടിം കുക്കാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹുവാങ് മികച്ച രീതിയിലാണ് കമ്പനി നയിച്ചതെന്നും അദ്ദേഹത്തിന് പകരം മറ്റൊരു ഇതിഹാസം തന്നെ എത്തണമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം.
ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന ഒരു വനിതയുമായും കമ്പനിയിലെ ഒരു ഉദ്യോഗസ്ഥയുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. നേരത്തെ ഈ ആരോപണങ്ങള്‍ ഹുവാങ് നിഷേധിച്ചിരുന്നതായും പിന്നീട് ഒരു ബന്ധം സമ്മതിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ആരോപണവിധേയയായ വനിത ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ചൈന നിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹുവാങുമായി സംസാരിച്ചപ്പോള്‍ ആ വനിത ചാരയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും താന്‍ അത് വിശ്വസിക്കുന്നതായും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അവര്‍ ഒരു ചാരയാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. എഫ്ബിഐ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഹുവാങിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, എന്‍വിഡിയ മേധാവിയുമായുള്ള വനിതയുടെ ബന്ധത്തെക്കുറിച്ചും അവര്‍ ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തെക്കുറിച്ചും ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നടപടിയെടുത്തില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2025 മുതല്‍ ജെന്‍സന്‍ ഹുവാങും ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. ചൈനീസ് വിപണിയിലേക്ക് അത്യാധുനിക സെമികണ്ടക്ടര്‍ ചിപ്പുകള്‍ വില്‍ക്കാന്‍ എന്‍വിഡിയയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഹുവാങ് നിരന്തരം വാഷിങ്ടണില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. അമേരിക്കയുടെ സാങ്കേതിക-വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. മേയില്‍ ഏകദേശം പത്ത് വര്‍ഷത്തിനുശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ ആദ്യ ചൈന സന്ദര്‍ശനത്തിനിടെ ട്രംപിനൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലും ഹുവാങ് യാത്ര ചെയ്തിരുന്നു.
സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിലും ഹുവാങ് പങ്കെടുത്തു. കൂടാതെ, ട്രംപ് നിര്‍ദേശിച്ച വൈറ്റ് ഹൗസിലെ പുതിയ ബാള്‍റൂം നിര്‍മാണ പദ്ധതിക്കായി എന്‍വിഡിയ 2.5 കോടി ഡോളര്‍ സംഭാവന വാഗ്ദാനം ചെയ്തതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹുവാങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അമേരിക്കന്‍ സാങ്കേതിക മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Trump suggests Apple CEO Tim Cook as the next head of Nvidia
















