ട്രംപ്-ഷി-പുടിന്‍ കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; ഉച്ചകോടിക്ക് വേദിയാകുന്നത് ഷെന്‍ഷെന്‍

ട്രംപ്-ഷി-പുടിന്‍ കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; ഉച്ചകോടിക്ക് വേദിയാകുന്നത് ഷെന്‍ഷെന്‍

വാഷിംഗടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവര്‍ അടുത്തയാഴ്ച ചൈനയില്‍ കൂടിക്കാഴ്ച നടത്തും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച ഷെന്‍ഷെനിലാണ് മൂന്ന് ലോകനേതാക്കളുംഒത്തുചേരുന്നത്. . അമേരിക്ക, ചൈന, റഷ്യ എന്നീ ആണവശക്തികളുടെ തലവന്മാര്‍ ഒരേ വേദിയില്‍ കൂടിക്കാഴ്ച നടത്തുന്നത് അപൂര്‍വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചു.

കൂടിക്കാഴ്ചയില്‍നിന്ന് വലിയ നയതന്ത്ര തീരുമാനങ്ങളോ നിര്‍ണായക കരാറുകളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാനുമായുള്ള യുദ്ധം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, ആഗോള വ്യാപാര തര്‍ക്കങ്ങള്‍, ആണവായുധ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചേക്കും. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലാവധി കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടെയും ആണവായുധ ശേഖരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അവസാനിച്ചിരുന്നു. പുതിയത ആണവകരാര്‍ വേണമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ചൈനയെയും കരാറില്‍ ഉള്‍പ്പെടുത്തണമെന്ന അമേരിക്കന്‍ ആവശ്യം ബെയ്ജിങ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

കൂടിക്കാഴ്ചയിലൂടെ ആഗോളതലത്തില്‍ ചൈനയുടെ സ്വാധീനവും നയതന്ത്ര പ്രാധാന്യവും ഉയര്‍ത്തിക്കാട്ടാനാണ് ഷി ജിന്‍പിങ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, അമേരിക്കയ്ക്കും ചൈനയ്ക്കും തുല്യമായ ആഗോള ശക്തിയായി റഷ്യയെ അവതരിപ്പിക്കാനുള്ള അവസരമായാണ് പുടിന്‍ കൂടിക്കാഴ്ചയെ കാണുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. 2013ല്‍ ഷി അധികാരത്തിലെത്തിയതിനു ശേഷം 40 ലേറെ തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുവരും പരസ്പരം ‘പ്രിയ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ട്രംപും പുടിനും ഏഴ് തവണ നേരിട്ട് കൂടിക്കാഴ്ച നടത്തി. ഷിയും ട്രംപും തമ്മില്‍ എട്ട് തവണ നേരിട്ട് ചര്‍ച്ച നടത്തി. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക, സൈനിക, സാങ്കേതിക സഹകരണം കൂടുതല്‍ ശക്തമായിട്ടുണ്ട്.

മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച യുക്രെയ്ന്‍ വിഷയത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കുമോയെന്ന ആശങ്ക യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രകടിപ്പിച്ചിട്ടുണ്ട്. കീവിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഒഴിവാക്കി യുക്രെയ്ന്‍ സംബന്ധിച്ച ധാരണകള്‍ രൂപപ്പെടുത്താനുള്ള വേദിയായി കൂടിക്കാഴ്ച മാറരുതെന്നാണ് ആശങ്ക. റഷ്യയുമായുള്ള വ്യാപാരബന്ധം ചൈന ശക്തമാക്കിയതും അമേരിക്കയുമായുള്ള ചൈനയുടെ സാമ്പത്തിക തര്‍ക്കങ്ങളും ചര്‍ച്ചകളില്‍ നിര്‍ണായകമാകും. അതേസമയം, 21 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എപെക് ഉച്ചകോടിയിലൂടെ ചൈനയുടെ അതിവേഗം വളരുന്ന സാങ്കേതിക-വ്യവസായ നഗരമായ ഷെന്‍ഷെന്റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ബെയ്ജിങ് ലക്ഷ്യമിടുന്നു.

1945ലെ യാള്‍ട്ട സമ്മേളനവുമായി പുതിയ കൂടിക്കാഴ്ചയെ ചിലര്‍ താരതമ്യം ചെയ്യുന്നുണ്ടെങ്കിലും അത്തരം താരതമ്യങ്ങള്‍ റഷ്യ തള്ളിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍ നേതാക്കള്‍ യൂറോപ്പിന്റെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളെടുത്ത വേദിയായിരുന്നു യാള്‍ട്ട. എന്നാല്‍ ഷെന്‍ഷെനില്‍ നടക്കുന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ മറ്റ് രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. പരസ്പര താല്‍പര്യവും ബഹുമാനവും അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Trump-Xi-Putin meeting to be held in China next week; Shenzhen to host the summit.

Share Email
LATEST excelnclexrn
More Articles
Top