ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നു വീണ മരണപ്പെട്ടവരില്‍ രണ്ടു കുട്ടികളും : മരണപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നു വീണ മരണപ്പെട്ടവരില്‍ രണ്ടു കുട്ടികളും : മരണപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. നിക്കോള്‍ ഡാനിയേല സാല്‍വഡ റോഡ്രിഗസ് (9), കെവിന്‍ സാന്റിയാഗോ റെയ്‌സ് ഗോണ്‍സാലസ് (10), ഗബ്രിയേല്‍ സിഗുവെന്‍സിയ (22), ബാരി മമദൂ (23), ജോസ് ലൂയിസ് കാഗ്വാന കോസ്‌കില്ലോ (26), എഡ്ഗര്‍ സപോണ്‍ (26), ജുവാന്‍ ഡാനിയേല്‍ സാല്‍വഡ ഗുസ്മാന്‍ (31), എന്‍ഡിയേ മമദൂ (31) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരില്‍ നാല് അഗ്‌നിശമനസേനാംഗങ്ങളും ഉള്‍പ്പെടുന്നു. ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗത്തിന്റെയും നില തൃപ്തികരമാണെന്ന് മേയര്‍ സൊഹ്‌റാന്‍ മംദാനി അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം സംഭവത്തെ വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ചു.


ഫ്‌ലാറ്റ്ബുഷ് മേഖലയിലെ ഫ്‌ലാറ്റ്ബുഷ്, ബെഡ്‌ഫോര്‍ഡ് അവന്യൂകള്‍ സംഗമിക്കുന്ന സ്ഥലത്താണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. സമീപത്തെ നിര്‍മാണ സ്ഥലത്ത് നടന്നുകൊണ്ടിരുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കെട്ടിടം തൊട്ടടുത്തുള്ള കുഴിയിലേക്ക് തകര്‍ന്നുവീണത്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു മൂന്നുനില കെട്ടിടത്തിന്റെ ഭിത്തിയും തകര്‍ന്നതോടെ അപ്പാര്‍ട്ട്‌മെന്റുകള്‍ പുറത്തേക്ക് തുറന്നുകാണുന്ന നിലയിലായി.

അപകടത്തെത്തുടര്‍ന്ന് അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് ഏകദേശം 24 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ അതീവ അപകടസാധ്യതയുള്ള സാഹചര്യത്തിലായിരുന്നു തിരച്ചില്‍. വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി ന്യൂയോര്‍ക്ക് അഗ്‌നിശമനസേന അറിയിച്ചു. ആറ് പേരെ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.നിര്‍മാണ സ്ഥലത്തെ സുരക്ഷാ വീഴ്ചകളാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2625 ബെഡ്‌ഫോര്‍ഡ് അവന്യൂവിലെ നിര്‍മാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പൊളിക്കല്‍ ജോലികള്‍ നടത്തിയതിന് മാര്‍ച്ചില്‍ നഗരത്തിലെ കെട്ടിടവകുപ്പ് സ്റ്റോപ്പ് വര്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിലില്‍ ഉത്തരവ് ലംഘിച്ച് വീണ്ടും ജോലി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റൊരു നിയമലംഘനവും ചുമത്തിയിരുന്നു. എന്നാല്‍ എല്ലാ വീഴ്ചകളും പരിഹരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയില്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍ കെട്ടിടവകുപ്പും പൊലീസും പരിശോധിച്ചുവരികയാണ്.

Two children among those who died in New York building collapse; names of the deceased released

Share Email
LATEST excelnclexrn
More Articles
Top