വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിനേറ്റ കനത്ത പ്രഹരത്തിനു പിന്നാലെഅമേരിക്കന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം യുഎസ് ജനപ്രതിനിധി സഭ തള്ളി. ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട നടപടികളുടെയും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചതിലെ വീഴ്ചകളുടെയും പേരില്‍ ഹെഗ്സെത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് തളളിയത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 211 പേര് പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോള്‍ 204 പേര് അനുകൂലിച്ചു. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിര്‍ണായക രാഷ്ട്രീയ വിജയം നേടാനായി.
കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം തോമസ് മാസിയാണ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഇംപീച്ച്മെന്റ് നീക്കത്തിന് നേതൃത്വം നല്‍കിയത്. ഇറാന് യുദ്ധത്തിലെ സൈനിക നടപടികള്‍, യെമനിലെയും വെനസ്വേലയിലെയും സൈനിക ഇടപെടലുകള്‍, സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി എട്ട് ആരോപണങ്ങളാണ് പ്രമേയത്തിലുണ്ടായിരുന്നത്. ഇറാനിലെ ഒരു പ്രൈമറി സ്കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 168 പേര് വരെ കൊല്ലപ്പെട്ട സംഭവവും പ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസത്തിലധികം യുദ്ധനടപടികള്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ ഇറാന് യുദ്ധം 256 ദിവസം പിന്നിട്ടിട്ടും ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്നും മാസി ആരോപിച്ചു.
അതേസമയം, തനിക്കെതിരായ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് ഹെഗ്സെത്ത് രംഗത്തെത്തി. മാസിയുടെ ആരോപണങ്ങള്‍ ഇംപീച്ച്മെന്റിന് അടിസ്ഥാനമാകുന്നതല്ലെന്നും അവ നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനികരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സൈനികശേഷിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും ഹെഗ്സെത്ത് ആരോപിച്ചു. ഇത് രാജ്യസ്നേഹമല്ല മറിച്ച് അട്ടിമറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആറുമാസത്തിനുശേഷം പെന്റഗണില്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹെഗ്സെത്തിന്റെ വിശദീകരണം.
ഡെമോക്രാറ്റിക് നേതാക്കളായ ഹക്കീം ജെഫ്രിസും ചക്ക് ഷൂമറും ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അധികാരം ദുരുപയോഗം ചെയ്തെന്നും അമേരിക്കയുടെ ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്നും ജെഫ്രിസ് ആരോപിച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രമേയത്തെ രാഷ്ട്രീയ ശ്രദ്ധ നേടാനുള്ള ശ്രമമായാണ് വിശേഷിപ്പിച്ചത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ട്രംപും ഹെഗ്സെത്തിന് പിന്തുണയുമായി രംഗത്തെത്തി. വോട്ടെടുപ്പിനുശേഷം പ്രമേയം പരാജയപ്പെട്ടതിനെ ‘ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്നേഹിയുടെ നിരപരാധിത്വം തെളിയിച്ച നടപടി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
US House of Representatives rejects move to impeach Pete Hegseth; a relief for Trump.
















