ആരാണ് ആലീസ് ഹുവാങ്? എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ ചര്‍ച്ച സജീവം

ആരാണ് ആലീസ് ഹുവാങ്? എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ ചര്‍ച്ച സജീവം

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും മൂല്യമേറിയ സാങ്കേതിക കമ്പനികളിലൊന്നായ എന്‍വിഡിയയുടെമധാവി ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചൈനീസ് വനിത ആലീസ് ഹുവാങ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടത്. ഏകദേശം 4.5 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള കമ്പനിയുടെ മേധാവിയായ ജെന്‍സന്‍ ഹുവാങ്, വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും ഭാര്യയോടും മക്കളോടും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ് ജെന്‍സന്‍ ഹുവാങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന

ആലീസ് ഹുവാങും എന്‍വിഡിയ മേധാവിയും എപ്പോള്‍ പരിചയപ്പെട്ടുവെന്നോ ഇവര്‍ തമ്മിലുള്ള ബന്ധം എത്രകാലം നീണ്ടുനിന്നുവെന്നോ വ്യക്തമല്ല. എന്നാല്‍ 2024 ജൂണില്‍ തായ്വാനിലെ തായ്പേയിലുള്ള ഒരു ബാറില്‍ ജെന്‍സന്‍ ഹുവാങ്ങിനൊപ്പം ആലീസ് ഹുവാങിനെ ആദ്യമായി ക്യാമറയില്‍ പതിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഗിഗാബൈറ്റ്, നെറ്റ്തണ്ടര്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുവരും അവിടെ സമയം ചെലവഴിക്കുന്നതായാണ് ചിത്രങ്ങളിലുള്ളത്. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക എഐ ചിപ്പുകള്‍ വാങ്ങാന്‍ ആരംഭിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 മേയില്‍ തായ്പേയിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന ജെന്‍സന്‍ ഹുവാങ്ങിന്റെ പിന്നില്‍ ആലീസ് ഹുവാങ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനകം മെഗാസ്പീഡും എന്‍വിഡിയയും തമ്മിലുള്ള ഇടപാടുകള്‍ അമേരിക്കന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ മെഗാസ്പീഡിന്റെ മേധാവി ബെയ്ജിങ്ങിന് വിവരങ്ങള്‍ കൈമാറിയിരുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലീസ് ഹുവാങ് ‘ഹുവാങ് ലെ’ എന്ന പേരിലും അറിയപ്പെടുന്ന ചൈനീസ് പൗരയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ഇവര്‍ക്ക് മാധ്യമരംഗത്തും സാമ്പത്തിക മേഖലയിലും പ്രവര്‍ത്തനപരിചയമുണ്ടെന്നാണ് ചൈനീസ് സ്വകാര്യ നിക്ഷേപ ഫണ്ട് ഡാറ്റാബേസിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹുനാന്‍ ടിവിയിലും ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിയിലും ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നുവെന്നാണ് പ്രൊഫൈലിലുള്ളത്. എച്ച്എസ്ബിസിയുടെ പ്രൈവറ്റ് ബാങ്കിങ് വിഭാഗം മേധാവിയുടെ അസിസ്റ്റന്റായും പിന്നീട് സിഐടിഐസി സെക്യൂരിറ്റീസില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹുനാന്‍ ടിവിയിലെ ഒരു ഉദ്യോഗസ്ഥന്‍ ആലീസിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിസിടിവിയുടെ വെബ്‌സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈല്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായ് ഹെക്‌സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജരായും പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളും ചൈനീസ് നിക്ഷേപ രേഖകളിലുണ്ട്. ഈ സ്ഥാപനത്തിന് ചൈനീസ് ഗെയിമിങ് കമ്പനിയായ 7റോഡുമായി ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

7റോഡ് ഇന്റര്‍നാഷണലിന്റെ സിംഗപ്പൂര്‍ ആസ്ഥാനമായ വിദേശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മെഗാസ്പീഡിന്റെ കോര്‍പറേറ്റ് ചരിത്രവും പരിശോധിക്കപ്പെടുന്നത്. 2023ല്‍ സ്ഥാപിതമായ മെഗാസ്പീഡ് ആദ്യം ആലീസ് ഹുവാങിന്റെ നേതൃത്വത്തിലുള്ള ഹുവാങ് ലെ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്നുവെന്നും അതേ വര്‍ഷം സ്വിഫ്റ്റ് ഡാറ്റയ്ക്ക് വിറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചൈനയുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന നിലയില്‍ മെഗാസ്പീഡ് തുടര്‍ന്നും ശ്രദ്ധാകേന്ദ്രമായി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ പ്രധാന ഉപഭോക്താക്കളിലൊന്നാണ് ഈ കമ്പനി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 4.8 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന എന്‍വിഡിയ ചിപ്പുകള്‍ മെഗാസ്പീഡ് വാങ്ങിയതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ ചൈനയിലേക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ ഇടപാടുകള്‍ നടന്നത്. ജോ ബൈഡന്‍ ഭരണകൂടം ചൈനയിലേക്കുള്ള ഉയര്‍ന്ന ശേഷിയുള്ള എന്‍വിഡിയ ചിപ്പുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ ജെന്‍സന്‍ ഹുവാങ് നിലപാടെടുത്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ മെമ്മോ പ്രകാരം, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലീസ് ഹുവാങിനെ എന്‍വിഡിയ മേധാവിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും കമ്പനിയുടെ ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പനയെ സ്വാധീനിക്കാനും നിയോഗിച്ചിരുന്നുവെന്നാണ് ആരോപണം. ന്യൂയോര്‍ക്ക് ടൈംസും ഫിനാന്‍ഷ്യല്‍ ടൈംസും ഈ മെമ്മോയിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31ന് നടന്ന ഹാലോവീന്‍ ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് വിഷയം വളരെ സങ്കീര്‍ണമാണെന്ന് വിശേഷിപ്പിച്ചു. ജെന്‍സന്‍ ഹുവാങ്ങിന് എല്ലാം ശരിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹുവാങ്ങിനെ ബുദ്ധിമാനും മികച്ച വ്യക്തിയുമായാണ് താന്‍ കാണുന്നതെന്നും വിദേശയാത്രകളില്‍ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഭരണകൂടം വിശദമായ പരിശോധന നടത്തുമെന്നും ഒക്ടോബര്‍ 31ന് അദ്ദേഹം അറിയിച്ചു. അതേസമയം, ജി7 യോഗത്തില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക് പുറപ്പെടുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്‍വിഡിയയുമായി ബന്ധപ്പെട്ട ആഭ്യന്തര കോര്‍പറേറ്റ് വിഷയമായതിനാലും വിഷയത്തിന്റെ സ്വഭാവം പരിഗണിച്ചും പ്രതികരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകളെ മറികടക്കുന്ന സാമ്പത്തിക നേട്ടമാണ് എന്‍വിഡിയ കൈവരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്റാ ക്ലാര ആസ്ഥാനമായ കമ്പനി കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 59.69 ബില്യണ്‍ ഡോളറിന്റെ ത്രൈമാസ ലാഭം രേഖപ്പെടുത്തിയിരുന്നു. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എന്‍വിഡിയയുടെ നേതൃത്വത്തെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആഗോള സാങ്കേതിക മേഖലയിലും വലിയ ശ്രദ്ധ നേടുകയാണ്.

Who is Alice Huang? Discussions intensify following the revelation of her connection to Nvidia CEO Jensen Huang.

Share Email
LATEST excelnclexrn
More Articles
Top