ഡൽഹി: ഉത്തർപ്രദേശിലെ വോട്ടർ പട്ടിക സുതാര്യമാക്കൽ പ്രക്രിയയിൽ (SIR) 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തി ഹിന്ദുക്കളെ തഴഞ്ഞുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സ്വകാര്യ ചാനൽ അഭിമുഖത്തിൽ യോഗി ആവർത്തിച്ചു. വിഷയത്തിൽ കമ്മീഷന് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്താകെ എസ്.ഐ.ആറിലൂടെ 13 കോടി വോട്ടർമാർ ഒഴിവാക്കപ്പെട്ടതിൽ മൂന്ന് കോടിയോളം പേർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ വോട്ടർമാരുടെ എണ്ണത്തിൽ രണ്ട് കോടിയുടെ കുറവുണ്ടായെന്നും മരിച്ച 40 ലക്ഷം പേരൊഴികെ ബാക്കി 1.27 കോടിയും ഹിന്ദുക്കളാണെന്ന വാദവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.
എന്നാൽ, തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണ് യോഗി ആദിത്യനാഥ് ഇത്തരം വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രതികരിച്ചു. സ്വന്തം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പ്രക്രിയയിൽ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് യോഗി വ്യക്തമാക്കണമെന്നും, കൂടുതൽ ന്യൂനപക്ഷ വോട്ടർമാരെ ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. എസ്.ഐ.ആറിന് ശേഷം യു.പിയിൽ മുസ്ലിം വോട്ടർമാർ 1.85% കൂടിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും, മതം തിരിച്ചുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്ത സാഹചര്യത്തിൽ യോഗിക്ക് വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചെന്നും ചോദ്യമുയരുന്നു.
അതേസമയം, യോഗിയുടെ ആരോപണത്തിൽ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറാകാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചെന്നും വിട്ടുപോയവർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടെന്നും അറിയിച്ചു.
















