ഡല്‍ഹിയെ ശ്വാസംമുട്ടിച്ച് വായുമലിനീകരണം; എക്യുഐ 400 കടന്നു, തലസ്ഥാനത്തെ 33 നിരീക്ഷണ കേന്ദ്രങ്ങളിലും സ്ഥിതി അതീവ ഗുരുതരം

ഡല്‍ഹിയെ ശ്വാസംമുട്ടിച്ച് വായുമലിനീകരണം; എക്യുഐ 400 കടന്നു, തലസ്ഥാനത്തെ 33 നിരീക്ഷണ കേന്ദ്രങ്ങളിലും സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു  രാവിലെ ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറിലെയും വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു. പ്രദേശമാകെ കനത്ത പുകമഞ്ഞ് വ്യാപിച്ചതോടെ ശ്വസിക്കാന്‍ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വായുനിലവാരം മോശമായത് വലിയ ആരോഗ്യ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കുട്ടികളെയും പ്രായമായവരെയുമാണ് മലിനീകരണം കൂടുതല്‍ ബാധിക്കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഹൈബ്രിഡ് രീതിയിലാണ് ക്ലാസുകള്‍ നടത്തുന്നത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള നിരവധി കോളേജുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) സമീര്‍ ആപ്പിലെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച രാവിലെ പത്തോടെ  ഡല്‍ഹിയിലെ ശരാശരി എക്യുഐ 403 ആയി ഉയര്‍ന്നു. ഇതോടെ വായുനിലവാരം ‘അതീവ ഗുരുതര’ വിഭാഗത്തിലെത്തി. നഗരത്തിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 33 ഇടങ്ങളിലും എക്യുഐ അതീവ ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ മലിനീകരണം രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ ഐഐടി ഡല്‍ഹിയാണ് മുന്നില്‍. ഇവിടെ എക്യുഐ 488 ആയി. ചാന്ദ്നി ചൗക്കില്‍ 479ഉം ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ 478ഉം രേഖപ്പെടുത്തി. പൂസയില്‍ 469, പഞ്ചാബി ബാഗില്‍ 456, ബുരാരി ക്രോസിങ്ങില്‍ 456, ഐടിഒയില്‍ 455, എന്‍ഐഎച്ച് നരേലയില്‍ 445 എന്നിങ്ങനെയാണ് മലിനീകരണ തോത്.

ആനന്ദ് വിഹാറില്‍ എക്യുഐ 419ഉം രോഹിണിയില്‍ 413ഉം രജോക്രി അതിര്‍ത്തിയില്‍ 402ഉം രേഖപ്പെടുത്തി.

തലസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വായുനിലവാരം വളരെ മോശമായി തുടരുകയാണ്. ആര്‍.കെ. പുരത്ത് 391, മന്ദിര്‍ മാര്‍ഗില്‍ 378, ദ്വാരക എക്‌സ്പ്രസ് വേയില്‍ 369, ലോധി റോഡില്‍ 341 എന്നിങ്ങനെയാണ് എക്യുഐ. അതേസമയം, ധൗള കുവാനില്‍ 161 ആണ് രേഖപ്പെടുത്തിയത്. ഇവിടെ വായുനിലവാരം മിതമായ വിഭാഗത്തിലാണ്.

അയല്‍പ്രദേശങ്ങളായ എന്‍സിആറിലും സ്ഥിതി ആശ്വാസകരമല്ല. നോയിഡയില്‍ എക്യുഐ 474 ആയി ഉയര്‍ന്ന് അതീവ ഗുരുതര വിഭാഗത്തിലെത്തി. ഗുരുഗ്രാമില്‍ 352, ഗാസിയാബാദില്‍ 369, ഗ്രേറ്റര്‍ നോയിഡയില്‍ 351, ഫരീദാബാദില്‍ 388 എന്നിങ്ങനെയാണ് മലിനീകരണ തോത്.

അതിനിടെ, കാലാവസ്ഥയില്‍ ഉടന്‍ മാറ്റമുണ്ടായി മലിനീകരണത്തിന് ആശ്വാസം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നവംബര്‍ 13 മുതല്‍ 18 വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യതയില്ല.

Air pollution chokes Delhi; AQI crosses 400, with the situation deemed ‘severe’ at all 33 monitoring stations across the capital.

Share Email
LATEST excelnclexrn
Top