അനില്‍ ആറന്‍മുള
ഹ്യൂസ്റ്റണ്‍: മെമ്മോറിയല്‍ വീക്കന്‍ഡില്‍ കൂട്ടുകാരുമൊത്തു ബോട്ട് യാത്ര നടത്തുന്നതിനിടെ സാന്‍ അന്റോണിയയിലെ ലേയ്ക്ക് ക്യാനിയനില്‍ മുങ്ങിപ്പോയ ജോയല്‍ പുത്തന്‍പുരയ്ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരന്റെ ഉറ്റവരും ഉടയവരും. ആഴമുള്ള തടാകത്തില്‍ രണ്ടു ദിവസത്തിനുശേഷവും ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രതീക്ഷാ നിര്‍ഭരമായ വിവരങ്ങളെന്നും ലഭിച്ചിട്ടില്ല.
കരയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്തപ്പോള്‍ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ലേക്കിലേക്കു ചാടിയതായിരുന്നു ജോയല്‍ പുത്തന്‍പുര. എന്നാല്‍ സുഹൃത്ത് രക്ഷപ്പെട്ടുവെങ്കിലും ജോയലിന് ബോട്ടിനരികിലേയ്ക്ക് നീന്തിയെത്താന്‍ കഴിഞ്ഞില്ല. ഹ്യുസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ജോയല്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
നൂറ് അടിയോളം ആഴമുള്ള ഭാഗമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. സാന്‍ അന്റോണിയോയുടെ പ്രാന്തത്തിലുള്ള കാനിയെന്‍ ലേക്ക് എന്ന ചെറിയ സിറ്റിയുടെ അധിനതയിലാണ് കാനിയെന്‍ ലേക്ക് തടാകം. അതുകൊണ്ടുതന്നെ അവരുടെ തിരച്ചില്‍ സന്നാഹങ്ങള്‍ പര്യാപ്തമാണോ എന്ന് പലര്‍ക്കും സംശയമുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി കാനിയെന്‍ ലേക്ക്ല്‍ തമ്പടിച്ചിരിക്കുന്ന ഹൂസ്റ്റണ്‍ സാന്‍ അന്റോണിയോ ക്‌നാനായ സമൂഹത്തിലെ വൈദികനുള്‍പ്പെടുന്ന പ്രവര്‍ത്തകരും നേതാക്കളും വിശ്വാസി സമൂഹവും മറ്റു വഴികള്‍ ആരായുന്നുമുണ്ട്. ഇരുന്നൂറു മൈല്‍ അകലെയുള്ള ഹൂസ്റ്റനില്‍ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിക്കുന്നതിനുളള സാധ്യതയും പരിഗണിച്ചേക്കും. ഇതിനിടയില്‍ വന്ന ഞായറാഴ്ചയും തിങ്കളാഴ്ചയിലെ മെമ്മോറിയല്‍ ഡേ ഹോളിഡേയും തിരച്ചിലിനെ ബാധിച്ചിട്ടുണ്ട് എന്നത് ദുഖകരമായ യാഥാര്‍ഥ്യമാണ്
വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ സ്വദേശി ജിജോ പുത്തന്‍പുര, ചുങ്കം നെടിയശാല ലൈല എന്നിവരാണ് ജോയലിന്റെ മാതാപിതാക്കള്‍. ജോയലിനു വിദ്യാര്‍ത്ഥികളായ രണ്ട് ഇളയ സഹോദരന്മാരും ഉണ്ട്. ഹ്യൂസ്റ്റണ്‍ ക്‌നാനായ യൂത്തു മിനിസ്ട്രി സജീവ പ്രവര്‍ത്തകനായിരുന്ന ജോയലിനുണ്ടായ അപകടം സുഹൃത്തുക്കളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അവര്‍ കുടുംബാംഗങ്ങളോടൊപ്പം കൂട്ടുകാരന്റെ വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.