കൊല്ലം: അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുടെ പ്രസിഡന്റും കുണ്ടറ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന ഷിജു എം വര്‍ഗീസുമായി ബന്ധപ്പെട്ട ഇ.എം.സി.സി ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു.
നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ (49) വാഹനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തിലാണ് നടിയെ പൊലീസ് ചോദ്യം ചെയ്തത്. ഷിജു വര്‍ഗീസ് തന്നെയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. പിന്നീട് ഇയാള്‍ അറസ്റ്റിലുമായി.
നടി പ്രിയങ്ക അരൂരില്‍ ഡി.എസ്.ജെ.പി (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഷിജു വര്‍ഗീസ് ഇതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കുണ്ടറയിലും മത്സരിച്ചു. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകമെന്നും വിവാദ ദല്ലാളും ഡി.എസ്.ജെ.പി ജനറല്‍ സെക്രട്ടറിയുമായ കോന്നി ഗോപകുമാറാണ് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാമെന്ന് കരുതിയാണ് സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരലക്ഷം രൂപയാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത്. നന്ദകുമാറുമായി വ്യക്തിപരമായി ഉണ്ടായിരുന്ന പരിചയമാണ് സ്ഥാനാര്‍ഥിത്വത്തിന് കാരണം. സോളാര്‍ കേസ് നായിക സരിതയുടെ ബന്ധുവാണ് നന്ദകുമാര്‍.
നന്ദകുമാറില്‍ നിന്ന് മാനസികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ അന്വേഷണസംഘം നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും നന്ദകുമാര്‍ പൊലീസിനുമുന്നില്‍ എത്തിയിട്ടില്ല.
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട കമ്പനിയാണ് ഇ.എം.സി.സി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ കുണ്ടറയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുായിരുന്ന മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നനടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവര്‍ക്കെതിരായ ബോംബേറ് നാടകത്തിന് ഷിജുവിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.