ന്യൂഡല്‍ഹി: മെയ് 31 പുകയില വിരുദ്ധ ദിനം ആണ്. പ്രവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പുകയിലയുടെ ഉപയോഗം കൊണ്ട് മാത്രം ജീവന്‍ നഷ്ടപ്പെടുന്നത്. ഇത് കൂടാതെയാണ് പാസീവ് സ്‌മോക്കിങ് മൂലം രോഗബാധിതരാകുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം.
ലോകമെമ്പാടും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അവബോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍ പോലും പുകയില ഉപയോഗത്തില്‍ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകള്‍. എന്തായാലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ സിഗററ്റ് വില്‍പനയില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്. ആഗോള തലത്തില്‍ പുകയില ഉത്പന്നങ്ങളില്‍ ഏറ്റവും പ്രാമുഖ്യമുള്ളത് സിഗററ്റിനാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കുറച്ച് കാലമായി സിഗറ്ററിന്റെ വില്‍പനയില്‍ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്.
2015ല്‍ ഇന്ത്യയില്‍ വിറ്റത് മൊത്തം 8810 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014ല്‍ ഇത് 9590 ആയിരുന്നു എന്ന് കൂടി ചേര്‍ത്തുവായിക്കണം. അഞ്ച് വര്‍ഷം കഴിഞ്ഞ് 2020ല്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ ആകെ വിറ്റഴിയ്ക്കപ്പെട്ടത് 7,350 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014 ന് ശേഷം എല്ലാ വര്‍ഷവും സിഗററ്റ് വില്‍പന കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
സിഗററ്റിന് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ വലിയതോതില്‍ വില വര്‍ദ്ധിച്ചു എന്നതാണ് വില്‍പന കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പത്ത് വര്‍ഷം മുമ്പത്തെ കണക്ക് നോക്കിയാല്‍ പല ബ്രാന്‍ഡുകള്‍ക്കും നൂറും നൂറ്റിയമ്പതും ശതമാനം ആണ് വില കൂടിയിട്ടുള്ളത്. നികുതി വര്‍ദ്ധനയാണ് സിഗററ്റ് വില കൂടാന്‍ കാരണം.
2020 ല്‍ സിഗററ്റ് വില്‍പന കുറയാന്‍ പ്രധാന കാരണമായത് കൊവിഡ് തന്നെ ആയിരുന്നു. കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷം ഏറെനാള്‍ നിലനിന്ന നിയന്ത്രണങ്ങളും സിഗററ്റ് വില്‍പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരമായി നോക്കിയാല്‍ ഏറെ ആശ്വസിക്കാനുള്ള വകയാണിത്.
മേല്‍പറഞ്ഞ കണക്കുകള്‍ എല്ലാം ഔദ്യോഗിക വില്‍പനയുടെ കാര്യമാണ്. ഈ കാലയളവില്‍ ആണ് ഏറ്റവും അധികം വ്യാജ സിഗററ്റുകളും വിപണികളില്‍ നിറഞ്ഞത്. ഔദ്യോഗിക കമ്പനികള്‍ക്ക് എത്ര വിറ്റുപോയി എന്നതിന് കൃത്യമായ കണക്കുണ്ടാകും. എന്നാല്‍ വ്യാജന്‍മാരുടെ കാര്യം അങ്ങനെയല്ല.
ഒരുകാലത്ത് ചുണ്ടില്‍ എരിയുന്ന ബീഡി പൗരുഷത്വത്തിന്റെ പ്രതീകമായിരുന്നു. സിഗററ്റ് ഒരു ആഡംബരമായിരുന്ന കാലത്ത് കേരളത്തില്‍ ബീഡി തൊഴിലാളികള്‍ സംഘടിത ശക്തിയും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബീഡിയുടെ വില്‍പനയില്‍ 30 ശതമാനത്തോളം ഇടിവാണ് കേരളത്തില്‍ മാത്രം ഉണ്ടായത്.