പെട്ടെന്നുള്ള ലാഭ സാധ്യതകൾ ഇപ്പോൾ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്‍ഷന്‍സ് ട്രേഡിംഗിൽ നിക്ഷേപകരുടെ എണ്ണം കുതിച്ചുവരാൻ കാരണമായിട്ടുണ്ട്. എന്നാൽ നേട്ടം എന്നത് പോലെ തന്നെ നഷ്ടവും പതിയിരിക്കുന്നിടമാണ് ഇത്തരം നിക്ഷേപങ്ങൾ. അതിനാൽ കാര്യമായ അറിവോടെയും അപകട സാധ്യതകളും പ്രതിഫലങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയും മാത്രം എഫ് ആൻഡ് ഒ ട്രേഡിംഗ് തെരഞ്ഞെടുക്കാൻ പലരും നിർദ്ദേശിക്കുന്നു. ഇപ്പോഴിതാ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്‍ഷന്‍സ് ട്രേഡിംഗിൽ പണം നിക്ഷേപിച്ച് വിദ്യാർത്ഥിക്ക് 46 ലക്ഷം രൂപ നഷ്ടമായെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ റോഷൻ അഗർവാൾ എന്നയാളാണ് ഇക്കാര്യം എക്‌സിലൂടെ വെളിപ്പെടുത്തിയത്. തന്റെ അടുത്ത് ഐടിആർ ഫയൽ ചെയ്യാൻ എത്തിയ ഒരു കോളേജ് വിദ്യാർത്ഥിക്കുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അടുത്തിടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനാണ് അഗർവാളിനെ സമീപിക്കുന്നത്. എന്നാൽ എഫ് ആൻഡ് ഒ ട്രേഡിംഗിൽ ഒരു വരുമാനം പോലും ലഭിക്കാതെ ഈ വർഷം മാത്രം വിദ്യാർഥിക്ക് നഷ്ടമായത് 26 ലക്ഷം ആണെന്ന് കണ്ടെത്തുകയായിരുന്നു.
“ഇന്നലെ ഞാൻ ഒരു മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയുടെ ഐടിആർ ഫയൽ ചെയ്തു. ഇയാളുടെ വരുമാനം പൂജ്യമാണ്. എന്നാൽ F&O യിൽ നിന്നുള്ള നഷ്ടം 26 ലക്ഷം ആണ്. കഴിഞ്ഞ വർഷവും ഈ വിദ്യാർത്ഥിക്ക് ഏകദേശം 20 ലക്ഷം F&O യിൽ നഷ്ടമുണ്ടായി. അപ്പോൾ തന്നെ പെട്ടെന്നുള്ള വരുമാനത്തിനായി കുറുക്കുവഴികൾ സ്വീകരിക്കരുതെന്നും എഫ് ആൻഡ് ഒയിൽ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കാനും ഞാൻ യുവാവിനോട് പറഞ്ഞിരുന്നു” റോഷൻ അഗർവാൾ കുറിച്ചു. എന്നാൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും വിദ്യാർത്ഥി ഇപ്പോഴും എഫ് ആൻഡ് ഒ യിൽ നിക്ഷേപം നടത്തുന്നത് തുടരുകയാണ്.
തീർത്തും ട്രേഡിംഗിൽ ഹരം കേറിയ യുവാവ്, നഷ്ടം സംഭവിച്ചിട്ടും അത് ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ” അവൻ്റെ മാതാപിതാക്കൾക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. വ്യക്തിഗത വായ്പകൾ വഴിയും സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങുന്നതിനും പുറമേ , മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും വിദ്യാർത്ഥി പണം എടുത്ത് നിക്ഷേപം നടത്തിയിട്ടുണ്ട് ” റോഷൻ അഗർവാൾ കൂട്ടിച്ചേർത്തു. പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനായി സോഷ്യൽ മീഡിയയിലും മറ്റുമായി ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആളുകളെ സ്വാധീനിക്കുന്നതെന്നും അഗർവാൾ ചൂണ്ടിക്കാട്ടി.
ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ ഓഹരി വിപണിയിലെ നിക്ഷേപങ്ങളെ കുറിച്ച് ആളുകൾ ചർച്ച ചെയ്തു. അതോടൊപ്പം ചില ആളുകൾ ഒരു വിദ്യാർത്ഥിക്ക് ഇത്രയും വലിയ തുക നഷ്ടമായത് എങ്ങനെയാണെന്ന ആശങ്കയും പ്രകടിപ്പിച്ചു. വിദ്യാർത്ഥിക്ക് എങ്ങനെയാണ് വ്യക്തിഗത വായ്പ ലഭിച്ചതെന്ന കാര്യത്തിലും കുറച്ചുപേർ സംശയം ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഓഹരി വിപണിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത് വിദ്യാർത്ഥിയുടെ ഒരു മാനസിക പ്രശ്നമാണെന്നും ചിലർ ആരോപിച്ചു. ഒട്ടും ക്ഷമയില്ലാതെ പെട്ടെന്ന് പൈസ ഉണ്ടാക്കുന്നതിനായി ചെയ്യുന്ന ഓരോ കാര്യങ്ങളാണ് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.