കൊച്ചി: കേരളത്തില്‍ ഓരോ വര്‍ഷവും ഇ-മാലിന്യത്തിന്റെ അളവ് ഗണ്യമായി കൂടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1800 ടണ്ണോളം ഇ-മാലിന്യമാണ് സംസ്ഥാനത്തുനിന്ന് ശേഖരിച്ച് സംസ്കരണത്തിന് കൈമാറിയത്. വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്, വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചതാണ് ഇ-മാലിന്യത്തിന്റെ അളവ് ഉയര്‍ത്തിയത്. അജൈവ മാലിന്യത്തില്‍ ഏറ്റവും അപകടകരമായ ഇ-മാലിന്യം പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഉയര്‍ത്തുന്ന ഭീഷണി കടുത്തതാണ്.
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളും അവയുടെ ഭാഗങ്ങളുമാണ് ഇ-മാലിന്യത്തില്‍ ഉള്‍പ്പെടുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, റഫ്രിജറേറ്റര്‍, ലാപ്ടോപ്പുകള്, ട്യൂബുകള്‍, സി.എഫ്.എല്‍ ബള്‍ബുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, വാഷിങ് മെഷീന്, ഇലക്ട്രിക് സ്റ്റൗ, പ്രിന്റര്‍, ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. മണ്ണില്‍ ഉപേക്ഷിക്കുന്ന ഇവയുടെ അവശിഷ്ടങ്ങളില്‍നിന്നുള്ള കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ വിഷപദാര്ഥങ്ങളും കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പുകയും മണ്ണിനെയും മനുഷ്യനെയും ദോഷകരമായി ബാധിക്കും.
ആയുസ്സ് കുറഞ്ഞ ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും വിപണിയില്‍ അടിക്കടി മാറിവരുന്ന ഉല്പന്നശ്രേണിയും ഇ-മാലിന്യം വര്‍ധിക്കാന്‍ കാരണമാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ഹരിതകര്‍മസേന ശേഖരിച്ച് തരം തിരിച്ച 27,484 ടണ്‍ മാലിന്യത്തില്‍ 900.15 ടണ്‍ ഇ-മാലിന്യമായിരുന്നു.
വീടുകളില്‍നിന്ന് ഹരിതകര്‍മസേനയും സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പ്രത്യേക ഏജന്‍സികളും ഇ-മാലിന്യം ശേഖരിക്കുന്നു.