തിരുവനന്തപുരം: വിമാനത്താവളത്തിലെ സേവന നിരക്കുകള്‍ കുത്തനെ കൂട്ടി. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് 506 രൂപയായിരുന്നത് 770 രൂപയാക്കി. ഇറങ്ങുന്ന യാത്രാക്കാരുടേത് 330 രൂപയും.
2024 ജൂലൈ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ളതാണ് ഈ നിരക്ക്. 2025 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ നിരക്ക് വീണ്ടും വര്‍ധിക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇത് ഇരട്ടപ്രഹരമാണ്. ആഭ്യന്തര യാത്രക്കാര്‍ നല്‍കുന്നതിന്റെ ഇരട്ടി അന്താരാഷ്ട്ര യാത്രക്കാര്‍ നല്‍കണം.
ഭക്ഷണം, പാനീയം, മറ്റ് സാധനങ്ങളുടെ വില്‍പന ഇനത്തില്‍ വരും വര്‍ഷങ്ങളില്‍ 102 കോടി വരുമാനമേ കിട്ടൂ എന്ന വിമാനത്താവളത്തിന്റെ നിരീക്ഷണം അതോറിറ്റി തള്ളി. 392 കോടി വരുമാനം ലഭിക്കുമെന്നാണ് നിഗമനം. വിമാനങ്ങളുടെ ലാന്‍ഡിങ് ചാര്‍ജും കൂട്ടിയിട്ടുണ്ട്. വിമാനഭാരം ടണ്ണിന് 309 രൂപയായിരുന്നത് 890 രൂപയാക്കി. പാര്‍ക്കിങ് ചാര്‍ജും കൂട്ടി.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തില്‍ ടെര്‍മിനല്‍ വിപുലീകരണം ഉള്‍പ്പെടെ 1200 കോടി രൂപ ചെലവിടാന്‍ എ.ഇ.ആര്‍.എ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സേവനനിരക്കുകളില്‍ മാറ്റം വരുത്തിയതെന്നാണ് വിമാനത്താവള അധികൃരുടെ വിശദീകരണം. 2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം നികത്താന്‍ 902 കോടി രൂപ അദാനി എയര്‍പോര്‍ട്ട് മുന്‍കൂര്‍ നല്‍കണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ താരിഫ്.
ഇതു പ്രകാരം വിദേശത്തു നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പ്രവാസികള്‍ നല്‍കേണ്ടി വന്നിരുന്ന അധിക തുക ഒഴിവാക്കി. നേരത്തെ 2200 രൂപയോളം യൂസേഴ്‌സ് ഫീ നല്‍കണമായിരുന്നു. യൂസേഴ്‌സ് ഫീ ഒഴിവാക്കണമെന്നത് പ്രവാസി സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.