ആറ്റിങ്ങല്‍: കോരാണിയില്‍ ദേശീയപാതയോരത്തു പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സുഹൃത്തായ പനവൂര്‍ കൊല്ല അജിത് ഭവനില്‍ ലക്ഷ്മി (26) യെ അറസ്റ്റു ചെയ്തു. ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ അജീഷി (26) നെ വൈകുന്നേരത്തോടെ വെഞ്ഞാറമൂട് നിന്ന് പിടികൂടി.
കുത്തേറ്റ മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷ് (30) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിലും വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷിന്റെ നില ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് പാതയോരത്തുള്ള കടയുടെ ചായ്പിലാണ് സംഭവം, രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവില്‍ പോയിരുന്നു.
വാളിക്കോടുള്ള ജനസേവന കേന്ദ്രത്തിലെ ജീവനക്കാരനായ നിധീഷുമായി മൂന്ന് മാസമായി സൗഹൃദത്തിലാണ് ലക്ഷ്മി. ഇക്കാര്യം അറിഞ്ഞതോടെ അജിത്തും ലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. കുടുംബ പ്രശ്‌നം സംബന്ധിച്ച് 19 ന് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ലക്ഷ്മി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീതു നല്‍കി വിട്ടയച്ചു. എന്നാല്‍ വീണ്ടും വഴക്കുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു .
ഞായറാഴ്ച രാവിലെ പത്തോടെ കോരാണിയില്‍ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തിയിരുന്നു. തുടര്‍ന്ന് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. വിളിച്ചു വരുത്തിയ ലക്ഷ്മി തന്നെ പിടിച്ചു നിര്‍ത്തുകയും അജീഷ് കുത്തുകയുമായിരുന്നുവെന്നാണ് നിധീഷിന്റെ മൊഴി. ആക്രമണത്തിന്റെ കാരണം സംബന്ധിച്ചുള്ള മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഏറെ നേരം കാത്തുനിന്നാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിശദമായ അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ?ശ്രമം. അജീഷിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നു. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി രാജേഷ്കുമാര്‍, എസ് ഐ മാരായ ജിബി , ഐ.വി. ആശ, എ എസ് ഐ ജയന്‍, പൊലീസുകാരായ ഡിനോര്‍, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കി.