ഓട്ടവ : കരാര്‍ ചര്‍ച്ച നിലച്ച അവസ്ഥയില്‍ അടുത്ത മാസം മുതല്‍ പണിമുടക്കിന് ഒരുങ്ങുകയാണ് എയര്‍ കാനഡ പൈലറ്റുമാര്‍. പണിമുടക്കിന് മുന്നോടിയായി വോട്ടിങ് നടക്കുകയാണെന്നും സെപ്റ്റംബര്‍ പകുതിയോടെ പണിമുടക്ക് ആരംഭിക്കുമെന്നും എയര്‍ കാനഡ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന ലേബര്‍ യൂണിയന്‍ എയര്‍ കാനഡ മാസ്റ്റര്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ (എംഇസി) ചെയര്‍ ഫസ്റ്റ് ഓഫീസര്‍ ചാര്‍ലിന്‍ ഹുഡി പറഞ്ഞു. ഈ വര്‍ഷം ആദ്യം ചര്‍ച്ച ആരംഭിച്ചെങ്കിലും പിന്നീട് ചര്‍ച്ച നിലച്ചതായും അദ്ദേഹം അറിയിച്ചു.
ജൂണ്‍ അവസാനത്തോടെ 60 ദിവസത്തെ പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇനി 21 ദിവസത്തെ കൂളിംഗ് ഓഫ് പിരീഡിലേക്ക് പ്രവേശിക്കുന്നതിന് രണ്ടാഴ്ചയില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ചാര്‍ലിന്‍ ഹുഡി പറഞ്ഞു. ഓഗസ്റ്റ് 22-ന് പണിമുടക്ക് വോട്ടിങ് അവസാനിക്കും. ഇതോടെ കൂളിംഗ് ഓഫ് പിരീഡ് അവസാനിക്കുമ്പോള്‍ തന്നെ പണിമുടക്ക് ആരംഭിക്കേണ്ടി വരുമെന്നും യൂണിയന്‍ പറയുന്നു. ന്യായമായ നഷ്ടപരിഹാരം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, വേതന വര്‍ധന അടക്കമുള്ള പൈലറ്റുമാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ എയര്‍ലൈന്‍ പരിഗണിക്കുന്നില്ലെന്നും ചാര്‍ലിന്‍ ഹുഡി ആരോപിക്കുന്നു.