ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തിലിറക്കിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ ഇന്ത്യന്‍ യാത്രക്കാര്‍ നേരിട്ടത് കടുത്ത വിവേചനമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനത്തിലെ എഞ്ചിനില്‍ തീ കണ്ടതിനെത്തുടര്‍ന്നാണ് കുവൈറ്റ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. 19 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയ തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിലെ യാത്രക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാന കമ്പനി താമസസൗകര്യം ഒരുക്കിയെന്നും തങ്ങളെ അപമാനിച്ചെന്നും ഇന്ത്യന്‍ യാത്രക്കാര്‍ പരാതിപ്പെട്ടു. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരെയായിരുന്നു വിമാനകമ്പനിയുടെ വിവേചനമെന്നും വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ പറഞ്ഞു. ലോഞ്ചിലെങ്കിലും ഇരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് വിമാനകമ്പനിയോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ അതില്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ലെന്നും യാത്രക്കാരനായ അര്‍സോ സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ലോഞ്ചില്‍ ഇരിക്കാന്‍ തങ്ങളെ അനുവദിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണവും ബ്ലാങ്കറ്റും അനുവദിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ വിമാന കമ്പനി തയ്യാറായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. നാല് മണിക്കൂര്‍ കഴിഞ്ഞാണ് വെള്ളമെങ്കിലും കിട്ടിയതെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു.
ഇതോടെ വിഷയത്തില്‍ ഇടപെട്ട് കുവൈറ്റിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ഉറപ്പാക്കാനും വിമാന കമ്പനിയുമായി ആശയവിനിമയം നടത്താനുമായി ഒരു സംഘം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തുകയും ചെയ്തു.
’’ കുവൈറ്റില്‍ ജിസിസി ഉച്ചകോടി നടക്കുന്നതിനാല്‍ യാത്രക്കാരെ പാര്‍പ്പിക്കുന്നതിനായുള്ള ഹോട്ടലുകള്‍ ലഭ്യമല്ല. കുവൈറ്റിലെ വിസ ഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭ്യമല്ലെന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ജിസിസി ഉച്ചകോടി കാരണം കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ് ഇപ്പോള്‍,’’ എന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അതേസമയം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ച രാവിലെ 4.34ന് കുടുങ്ങിക്കിടന്ന 60 ഇന്ത്യന്‍ യാത്രക്കാരുമായി ഗള്‍ഫ് എയര്‍ വിമാനം പറന്നുയര്‍ന്നുവെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. വിമാനം പറന്നുയരുന്നത് വരെ എംബസി ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.
60 ഇന്ത്യന്‍ യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് യാത്രതിരിച്ച വിമാനം ബഹ്‌റൈനില്‍ എത്തിയശേഷം അവിടെ നിന്ന് മാഞ്ചസ്റ്ററിലേക്ക് പറക്കാനിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായസാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയതെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ഡിസംബര്‍ 1ന് ബഹ്‌റൈനില്‍ നിന്ന് തിരിച്ച ഗള്‍ഫ് എയര്‍ ജിഎഫ് 5 വിമാനം 4 മണിയോടെയാണ് കുവൈറ്റ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇതിനുപിന്നാലെയാണ് വിമാനത്തിലെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കഴിയേണ്ടിവന്നത്.