വാഷിങ്ടണ്‍: കടുത്ത വാക്സിന് നിലപാട് പുലര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്ത അമേരിക്കന്‍ ഫെമിനിസ്റ്റ് എഴുത്തുകാരി നവോമി വുള്‍ഫിന് ട്വിറ്ററില്‍ വിലക്ക്. കോവിഡ് മഹാമാരിയെ കുറിച്ചും ഇതിന്റെ ഭാഗമായ ലോക്ഡൗണ്‍, വാക്സിന് എന്നിവയെ കുറിച്ചും തെറ്റായ ധാരണകള്‍ പരത്തുന്നുവെന്ന് പറഞ്ഞാണ് നടപടി.
വാക്സിന് പാസ്പോര്‍ട്ട് ഏര്‍പെടുത്താന്‍ യു.എസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി വുള്‍ഫ് രംഗത്തെത്തിയിരുന്നു. ”എണ്ണമറ്റ വംശഹത്യകള്‍ക്ക് ഇതുപോലുള്ള തുടക്കമാണ്” എന്നായിരുന്നു അന്ന് പ്രതികരണം.
വാക്സിന് വ്യാപകമായി നല്കിത്തുടങ്ങിയ ഘട്ടത്തില്‍ വാക്സിനെ കുറിച്ച് ഇവര്‍ പറഞ്ഞത്, ”അപ്ലോഡുകള്‍ സ്വീകരിക്കാനാവുന്ന സോഫ്റ്റ്വേര്‍ വേദി” മാത്രമാണെന്നായിരുന്നു. വാക്സിന് നല്‍കിയവരുടെ മൂത്രം അഴുക്കുചാലുകള്‍ വഴിയും മറ്റു ജലമാര്‍ഗങ്ങള്‍ വഴിയും കൂട്ടമായി ഒഴുകുന്നത് തടയണമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
വുള്‍ഫിനെ വിലക്കിയതിനെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തി. ‘വിഡ്ഢിയായതിന്റെ പേരില്‍ ആദ്യമായി ട്വിറ്റര്‍ വിലക്കിയ വ്യക്തിയാകും’ ഇവരെന്ന് ചിലര്‍ പരിഹസിച്ചു.
എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യനുള്ള പ്രഹരമാണ് വിലക്കെന്ന് ചിലര്‍ കുറ്റപ്പെടുത്തി. അമേരിക്കയില്‍ വിവാദമുയര്‍ത്തിയ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയ ആളാണ് വുള്‍ഫ്.