മോസ്കോ: രണ്ടാം ലോക യുദ്ധത്തിൽ ജർമനിക്കെതിരായ വിജയത്തിന്റെ 80ാം വാർഷികാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് റഷ്യ. മേയ് ഒമ്പതിന് നടക്കുന്ന വിക്ടറി പരേഡിലേക്ക് മോദിയെ ക്ഷണിച്ചതായും സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കം തുടങ്ങിയതായും റഷ്യൻ വിദേശകാര്യ സഹമന്ത്രി ആൻഡ്രി റുഡെൻകോ അറിയിച്ചു.
ഈ വർഷത്തെ വിക്ടറി പരേഡിൽ പങ്കെടുക്കാൻ റഷ്യ നിരവധി രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ ജൂലൈയിൽ മോദി റഷ്യ സന്ദർശിച്ചിരുന്നു.
സന്ദർശനത്തിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിക്കുകയും ചെയ്തിരുന്നു. ക്ഷണം പുടിൻ സ്വീകരിച്ചിരുന്നെങ്കിലും സന്ദർശന തീയതി നിശ്ചയിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധത്തിനുപിന്നാലെ യു.എസും യൂറോപ്യൻ രാജ്യങ്ങളും നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ശക്തമാക്കിയിട്ടുണ്ട്.