വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവര്‍ അല്‍മായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂണ്‍ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തില്‍ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
വ്യക്തിമാഹാത്മ്യം, സ്വയം പ്രമാണിത്വം, നിസ്സംഗത എന്നിവയാണ് സമൂഹ ജീവിതത്തിന്റെ വെല്ലുവിളികളെന്നും ദൈവമാണ് ഒരു പുരോഹിതനെ തിരഞ്ഞെടുത്തത് എന്നതിനാല്‍ അവന്‍ ദൈവജനത്തിനിടയില്‍ ഒരു ഇടയനായിരിക്കണമെന്നും പാപ്പ പറഞ്ഞു.
ചെറിയ സംഘങ്ങള്‍ സൃഷ്ടിച്ച് ഉള്‍വലിയുന്നതും, ഒറ്റപ്പെടുത്തുന്നതിനും, മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനും, മോശമായി സംസാരിക്കുന്നതിനും, സ്വയം ശ്രേഷ്ഠനും ബുദ്ധിമാനുമാണെന്ന് വിശ്വസിക്കാനുമുള്ള” പ്രലോഭനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ മുന്നറിയിപ്പ് നല്‍കി. പരദൂഷണവും കുറ്റംപറച്ചിലും മറ്റുള്ളവരെ കുറച്ചു കാട്ടലും ഒഴിവാക്കി ദൈവത്തിന്റെ കരുണയെ നോക്കാനും ചിന്തിക്കാനും അപരനെ ഒരു ദാനമായി കണ്ടു സ്വാഗതം ചെയ്യാനും പാപ്പ ആഹ്വാനം ചെയ്തു.
നമ്മുടെ ബലഹീനതകള്‍ കര്‍ത്താവുമായി കണ്ടുമുട്ടാനുള്ള ആധ്യാത്മികവിദ്യയുടെ ഇടമാണെന്നു പറഞ്ഞ പാപ്പ, തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന ‘ബലഹീനനായ വൈദികന്‍’ അവയെ കുറിച്ച് കര്‍ത്താവിനോട് സംസാരിക്കുമ്പോള്‍ നന്നായി വരുമെന്നും എന്നാല്‍ ‘സൂപ്പര്‍മാന്‍’മാരായ പുരോഹിതര്‍ ദൗര്‍ഭാഗ്യത്തില്‍ ചെന്നെത്തുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.