മലയാളികളുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ അഭിമാനമാണ് നെടുമ്പാശേരി വിമാനത്താവളം എന്ന ‘കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാല്‍. പ്രകാശ വേഗത്തിലാണ് ഈ വിമാനത്താവളം വളര്‍ന്ന് വികസിച്ചതും ലോക ശ്രദ്ധനേടിയതും.
1991ല്‍ കൊച്ചി നാവിക വിമാനത്താവളം നവീകരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോള്‍ കൊച്ചിയില്‍ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റര്‍ വി.ജെ കുര്യന്‍ സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച പദ്ധതിക്ക് മുഖ്യമന്ത്രി കെ കരുണാകരന്‍ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയര്‍പോര്‍ട്ടിന് തുടക്കമായി. 1993ല്‍ ഒരു സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്ത് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി.
1994 മാര്‍ച്ച് 30ന് പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ ‘കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു കമ്പനിയായി റജിസ്റ്റര്‍ ചെയ്ത് അഞ്ചുവര്‍ഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവര്‍ക്ക് ആറ് സെന്റ് വീതം സ്ഥലവും നല്‍കിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായി കുറെ ജോലികളും എയര്‍പോര്‍ട്ട് ടാക്‌സി പെര്‍മിറ്റും നല്‍കയും ചെയ്തു.
സിയാല്‍ പല തരത്തിലുള്ള മാതൃകകളും സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണിത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.
സ്വകാര്യ മേഖലയെയും ഒപ്പം കൂട്ടി വിജയകരമായി സര്‍ക്കാരിനു വിമാനത്താവളങ്ങളുടെ നടത്തിപ്പു നിര്‍വഹിക്കാമെന്നു തെളിയിച്ച സിയാല്‍ കേരളത്തിന്റെ വികസനത്തിനു വലിയ പങ്കാണ് വഹിക്കുന്നത്. ലക്ഷക്കണക്കിനു പ്രവാസി മലയാളികള്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന കേന്ദ്രവുമാണിത്. പൊതുസ്വകാര്യ പങ്കാളിത്തം ഇന്നു വ്യാപകമായ യാഥാര്‍ഥ്യവും ചര്‍ച്ചാവിഷയവുമായിരിക്കെ സിയാല്‍ ഒരു ചൂണ്ടുപലകയാണ്.
ഊര്‍ജോത്പാദന രംഗത്ത് സിയാല്‍ വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്. മുഴുവനായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായി മാറിയതാണല്ലോ സിയാല്‍. സൗരോര്‍ജ മേഖലയില്‍ പല വിമാനത്താവളങ്ങള്‍ക്കും പ്രചോദനമായത് ഇവരാണ്.
സിയാലിനു പിന്നാലെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങള്‍ സൗരോര്‍ജത്തിന്റെ സാധ്യതകള്‍ തേടാനാരംഭിച്ചു. എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള പുതുച്ചേരി വിമാനത്താവളം പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതായി മാറിയതു കഴിഞ്ഞവര്‍ഷമാണ്. സംസ്ഥാനത്തെ നിരവധി സൗരോര്‍ജ പദ്ധതികള്‍ക്കു പ്രേരണയായതും ഇവരുടെ വിജയകരമായ മാതൃകയായിരുന്നു.
ഇപ്പോള്‍ ജലവൈദ്യുതി ഉത്പാദന രംഗത്തേക്കും കടക്കുകയാണു സിയാല്‍. കോഴിക്കോട് അരിപ്പാറയിലെ പ്ലാന്റില്‍നിന്ന് നവംബര്‍ ആദ്യ വാരത്തോടെ അവര്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കിത്തുടങ്ങും. നവംബര്‍ ആറിന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത്. 14 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനം പ്രതീക്ഷിക്കുന്ന ഈ പദ്ധതി സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജല വൈദ്യുതി നയപ്രകാരമുള്ളതാണ്.
വലിയ ജലവൈദ്യുതി പദ്ധതികള്‍ ശക്തമായ എതിര്‍പ്പു വിളിച്ചുവരുത്തുമെന്നതിനാല്‍ എളുപ്പമല്ലാതായിക്കഴിഞ്ഞ കാലത്ത് ഇത്തരം നിരവധി ചെറുപദ്ധതികളാണ് ഊര്‍ജോത്പാദന രംഗത്തു പുതുതായി ആശ്രയിക്കാവുന്നത്. സിയാല്‍ മാനെജിങ് ഡയറക്റ്റര്‍ എസ് സുഹാസ് ചൂണ്ടിക്കാണിക്കുന്നതുപോലെ 44 നദികളും നിരവധി നീര്‍ച്ചാലുകളുമുള്ള കേരളത്തില്‍ ഇത്തരം ജലവൈദ്യുതി പദ്ധതികള്‍ക്കു വലിയ പ്രസക്തിയുണ്ട്. അത്തരം പദ്ധതികള്‍ ഇനിയും പലത് ഉയര്‍ന്നു വരാന്‍ സിയാലിന്റെ ദൗത്യം സഹായിക്കുമെന്നു കരുതാം.
അഞ്ചേക്കര്‍ ഭൂമി വാങ്ങി 52 കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. നദീജല പ്രവാഹത്തെ ആശ്രയിക്കുന്ന ‘റണ്‍ ഓഫ് ദി റിവര്‍’ പദ്ധതികളില്‍ ഉള്‍പ്പെട്ടതാണിത്. വലിയ അണക്കെട്ടുകളുണ്ടാക്കി വെള്ളം സംഭരിച്ചുവയ്ക്കുന്നില്ല ഇത്തരം പദ്ധതികളില്‍. പരിസ്ഥിതി ആഘാതം കുറഞ്ഞ പദ്ധതികളാണിവ.
ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടി അവിടെനിന്ന് അരിപ്പാറ പവര്‍ ഹൗസിലേക്ക് പെന്‍ സ്‌റ്റോക്ക് പൈപ്പ് വഴി വെള്ളമെത്തിച്ചു വൈദ്യുതിയുണ്ടാക്കുകയാണു സിയാല്‍ ചെയ്യുന്നത്. നല്ല ഒഴുക്കുള്ളപ്പോള്‍ വര്‍ഷം 130 ദിവസമെങ്കിലും പൂര്‍ണതോതില്‍ ഇവിടെ വൈദ്യുതി ഉത്പാദനം സാധ്യമാകുമെന്ന് അവര്‍ അവകാശപ്പെടുന്നു.
പരമ്പരാഗത കാഴ്ചപ്പാടുകളില്‍ നിന്നു മാറിയുള്ള ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നാടിന്റെ ഭാവി വികസനം ഊര്‍ജലഭ്യതയെ കൂടി അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ ഒരു സാധ്യതയും നഷ്ടപ്പെടുത്താതിരിക്കുകയാണു വേണ്ടത്. ഗുണമേന്മയുള്ള വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ എല്ലാ ദിവസവും വിതരണം ചെയ്യാന്‍ കഴിയുന്നതു വികസനരംഗത്ത് അതിപ്രധാന ഘടകമാണ്.
കേരളത്തിന്റെ വൈദ്യുതി ആവശ്യകത ഓരോ വര്‍ഷവും അഞ്ചു ശതമാനത്തിലേറെ വീതം വര്‍ധിക്കുമെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുവച്ചു നോക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ അനിവാര്യം. കാറ്റ്, വെള്ളം, സോളാര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ചെറുനിലയങ്ങളുടെ പ്രസക്തി അതുകൊണ്ടു തന്നെഅവഗണിക്കപ്പെടരുത്. ഇക്കാര്യത്തില്‍ നാടിനു വെളിച്ചമാവുകയാണ് സിയാല്‍.