ബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഞായറാഴ്ച പുലർച്ചെ ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിന്ന് മുസ്തഫ അൽ ഖാദിമി അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
അതെസമയം സർക്കാർ ഓഫീസുകളും വിദേശ എംബസികളും ഉൾക്കൊള്ളുന്ന ബഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെ തുടർന്ന് ബഗ്ദാദിലെ ഗ്രീൻസോണിൽ വെടിവെപ്പ് നടന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സായുധ സംഘങ്ങളിലെ അംഗങ്ങൾ ഗ്രീൻ സോണിന് സമീപം കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധിച്ചിരുന്നു.
ഖാദിമിയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ഇറാഖ് സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്. താൻ സുരക്ഷിതാനാണെന്നും വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.