തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള പ്രമാദമായ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി ബാലരാമപുരത്തെ രാമപുരത്തുള്ള വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സ്വപ്ന സുരേഷിന് ആരോഗ്യ പ്രശ്‌നങ്ങള്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്വപ്‌ന സുരേഷ് തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണത്രേ.
ജയിലില്‍ കഴിഞ്ഞിരുന്ന സ്വപ്നയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി സ്വപ്‌നയുടെ അടുത്ത ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. ജയില്‍ ഭക്ഷണം ഇഷ്ടപ്പെടാതിരുന്ന സ്വപ്‌ന അധികം ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരം ക്ഷീണിക്കാന്‍ കാരണമായി. ജാമ്യം ലഭിക്കാന്‍ വൈകിയത് മാനസികപിരിമുറുക്കത്തിനും ഉറക്കകുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടാക്കിയതായാണ് വിവരം. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നിയമപരമായി നേരിടാനാണ് സ്വപ്ന ഒരുങ്ങുന്നത്. അതിന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനും സ്വപ്ന ഉദ്ദേശിക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരില്‍ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വിവാദമായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങിയ സ്വപ്ന സുരേഷ് ഇനി ഈ വിഷയത്തില്‍ എന്തു പറയും എന്നുള്ളതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. അതിനാല്‍ തന്നെ സ്വപ്നയുടെ വീടിന് മുന്നില്‍ മാധ്യമപ്പടയുടെ സാന്നിധ്യവുമുണ്ട്.