റോം: ഇറ്റലിയിലെ പ്രശസ്തമായ ഒളിമ്പികോ സ്‌റ്റേഡിയം വളരെ നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിയിരുന്നു. ലോകം കാത്തിരുന്ന യൂറോ 2020ന് പന്തുരുണ്ടു. സ്‌റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത് 16,000 ആരാധകര്‍ക്ക് മാത്രം. ചുവപ്പണിഞ്ഞ് തുര്‍ക്കി ആരാധകരും വെള്ളയും പരമ്പരാഗത നീല വസ്ത്രങ്ങളും അണിഞ്ഞ് ഇറ്റാലിയന്‍ ആരാധകരും സ്‌റ്റേഡിയത്തിലെത്തി.
കൊവിഡിനെ തുടര്‍ന്ന് പ്രവേശനത്തിന് നിയന്ത്രണം ഉള്ളതിനാല്‍ സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 25 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ബോസെല്ലിയുടെ സംഗീത പരിപാടിപ്രശസ്ത ഇറ്റാലിയന്‍ ഗായകനായ ആന്‍ഡ്രിയ ബോസെല്ലിയുടെ സംഗീതമാണ് യൂറോകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകിയത്.
1990 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിനായി ബിബിസിയുടെ തീം മ്യൂസിക്കായി ഉപയോഗിച്ച ഗാനം കൂടിയെത്തിയതോടെ സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍ക്കും ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ടിരുന്നവര്‍ക്കും ആവേശനിമിഷങ്ങള്‍. ബോസെല്ലിയുടെ സംഗീതത്തിനൊപ്പം ചുവടുവെച്ച് വാദ്യ, മേള, നൃത്ത കലാകാരന്‍മാര്‍ കൂടിയെത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ പൊടിപൊടിച്ചു.
ഉദ്ഘാടന മല്‍സരത്തില്‍ ആദ്യ ജയം ഇറ്റലിസ്വന്തമാക്കി. കറുത്ത കുതിരകളാവുമെന്ന് കരുതിയ യുവ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു മാന്‍സിനിയുടെ ടീമിന്റെ ജയം. പ്രതിരോധത്തിലൂന്നി കളിച്ച തുര്‍ക്കിക്ക് ഇറ്റലിയുടെ സര്‍വ്വാധിപത്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 24 ഷോട്ടുകളാണ് ഇറ്റാലിയന്‍ താരങ്ങള്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ക്ക് മുന്നിലേക്ക് അടിച്ചത്.
ഇറ്റലിയുടെ ആദ്യ ഗോള്‍ തുര്‍ക്കി താരം ഡെമിറാലിന്റെ വക സെല്‍ഫ് ഗോളായിരുന്നു. 53ാം മിനിറ്റില്‍ ഇറ്റലിയുടെ ബെറാഡിയുടെ ക്രോസ് തടയുന്നതിനിടെ ഡെമിറാലിന്റെ നെഞ്ചില്‍ തട്ടിയ പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. രണ്ടാം ഗോള്‍ സിറോ ഇമ്മൊബിലെയുടെ വകയായിരുന്നു. 79-ാം മിനിറ്റില്‍ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ഇന്‍സിനെ അസൂറികളുടെ മൂന്നാം ഗോളും നേടി.