കൊച്ചി: മോഡലുകളുടെ മരണത്തില്‍ പ്രതി സൈജുവിനെതിരെ കൂടുതല്‍ ആരോപണവുമായി പൊലീസ്. കാട്ടുപോത്തിനെ വെടിവച്ചു കൊന്നെന്നു പറയുന്ന ചാറ്റ് ലഭിച്ചതായി പൊലീസ് അറിയിച്ചു. മാരാരിക്കുളത്തും മൂന്നാറിലും കൊച്ചിയിലും പാര്‍ട്ടികളില്‍ എംഡിഎംഎ നല്‍കിയെന്നും ചാറ്റില്‍ പറയുന്നു. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നു മത്സരയോട്ടം നടത്തിയതാണ് കൊച്ചി പാലാരിവട്ടത്ത് മുന്‍ മിസ് േകരളയടക്കമുള്ളവര്‍ കാറപകടത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. സൈജുവിനെ 3 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപടകത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഏറെ നിര്‍ണായകമായ വെളിപ്പെടുത്തലാണ് പൊലീസ് കോടതിയില്‍ നടത്തിയത്.
മോഡലുകളുടെ വാഹനത്തെ സൈജു കാറില്‍ പിന്തുടര്‍ന്നു മത്സരയോട്ടം നടത്തിയതിനാല്‍ മാത്രമാണ് അപകടമുണ്ടായതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടിയാണു പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദു റഹ്മാന്‍ അപകടമുണ്ടായ വാഹനം വേഗത്തില്‍ ഓടിച്ചത്. സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്നു പേരും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഡിജെ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതു മുതല്‍ മോഡലുകളെ സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നിരുന്നു. അതേസമയം സൈജു ലഹരിക്കടിമയാണെന്ന് സിറ്റി പൊലീസ് സി.എച്ച്. നാഗരാജു വ്യക്തമാക്കി. സൈജുവിന്റെ ചൂഷണത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസെടുക്കും.
കൊല്ലപ്പെട്ട ആന്‍സി കബീറിന്റെ കുടുംബം കമ്മിഷണറെ നേരില്‍ കണ്ടു. അപകടത്തില്‍ ചില സംശയങ്ങളുണ്ടെന്നും അതു നീക്കണമെന്നും ആന്‍സി കബീറിന്റെ അമ്മാവന്‍ നസിം പറഞ്ഞു. കേസിനു പുറമേ പൊലീസ് റിപ്പോര്‍ട്ടില്‍ ഗൗരവമായി പലകാര്യങ്ങളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സൈജുവിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി അംഗീകരിച്ചത്. സൈജുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല.