സന്ദീപ്ഗിരിജ മരണത്തെ പറ്റി ചിന്തിച്ച രാത്രിയിലാണ് അവന്റ ആദ്യ കഥ പിറന്നത്. അവനത് മരണ കുറിപ്പായിരുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വെളുപ്പിന്നെ അവനതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. പിന്നെ ഫോണ്‍ ഓഫ് ചെയ്തു. അപ്പോള്‍ ഒരു സമാധാനം തോന്നി. ഇനി രണ്ടാം ഘട്ടം ആരംഭിക്കുകയാണ്.
”ഏങ്ങനെ മരിക്കണം…”
നാലു പ്രാവിശ്യം ഷേവു ചെയ്ത ബ്ലേഡ് ഉണ്ട്. നാളെ ഇരുപത്തി ഏട്ടാംപിറന്നാളിന്നു അമ്പലത്തില്‍ പോകാന്‍ ഇസ്തിരി ഇട്ടു വെച്ച ചന്ദനകരമുണ്ട് ഉണ്ട്. തീരുമാനം സന്ദീപ് മനസ്സിനു വിട്ടു. അതൊരു വീര്‍പ്പുമുട്ടലായി മാറിയപ്പോള്‍ അവന്‍ മുറിക്കു പുറത്തിറങ്ങി. പുലര്‍കാലത്തെ കാറ്റിനു ചിന്തയെ ഉണര്‍ത്താന്‍ പറ്റുമെന്നു സുഹൃത്തായ തോമസ് എഡിസണ്‍ പറഞ്ഞതോര്‍ത്തു. രണ്ടാം നിലയുടെ മട്ടുപാവില്‍ അവന്റമനസ്സ് ശാന്തമായി ആലോചിച്ചു തുടങ്ങി. അവസാന ശ്രമമെന്ന പോലെ മനസ്സ് ഒന്നൂടെ ചോദിച്ചു.
”ഈ മരണം അനിവാര്യമാണോ..?”
”അതേ…”
ആലോചനക്കുപോലും അവന്‍ സമയം കൊടുത്തില്ല. വാക്കുകളെ ഉള്‍കൊണ്ടു മനസ്സ് ആലോചനക്കു പോയ നേരത്താണ് സന്ദീപിന്റ കണ്ണുകള്‍ അവിടേക്കു പതിച്ചത്. എതിര്‍ വശത്തെ ഒറ്റ നില വീടിന്റ ബെഡ് റൂമില്‍ കെട്ടിമറിയുന്ന രണ്ടു രൂപങ്ങള്‍. കര്‍ട്ടന്‍ ഇല്ലാതിരുന്നിട്ടും ഗ്ലാസ്സിലൂടെ ആനിഴല്‍ രൂപങ്ങള്‍ കാമത്തിനു വേണ്ടി പരസ്പ്പരം പോരാടുന്നു. ശരിക്കൊന്നു കാണാന്‍ സാധിച്ചിരു ന്നെങ്കില്‍..?
ആത്മഹത്യയുടെ ഒന്നാം ഘട്ടം പിന്നിട്ടിട്ടും, അവനിലെ ഉറങ്ങിയ ഞരമ്പുകളെ മങ്ങിയകാഴ്ച്ചകള്‍ ഉണര്‍ത്താന്‍ തുടങ്ങി. ആലീസും ജോണും ആണ്. സിനിമാ നടി സുമലതയുടെ ഇരട്ട സഹോദരി ആണന്നേ ആലീസിനെആരു കണ്ടാലും പറയൂ. അവര്‍ പുറത്തിറങ്ങുമ്പോഴൊക്കെ കാരണം ഉണ്ടാക്കി ചെറുപ്പക്കാര്‍ വീടിനു മുന്നിലൂടെ നടക്കാറുണ്ട്. ചില നേരങ്ങളില്‍ ഞാനും..?
മനസ്സ് ആലോചനക്കു പോയിട്ടും കണ്ണുകള്‍ പിടിവിടുന്നില്ല. അവരുടെ കെട്ടി മറച്ചിലുകള്‍ക്ക് ധൃതി കൂടി വന്നു ഞരമ്പുകളില്‍ ചൂടുവെള്ളം ഒഴുകി തുടങ്ങിയ നേരത്ത് ആ കെട്ടിമറിച്ചിലുകള്‍ ഗോദായില്‍ മത്സരിക്കുന്ന ഗുസ്തിക്കാരെ പോലെ സന്ദീപിനു തോന്നി. മരണത്തെ പറ്റി അവന്‍ മറന്നു തുടങ്ങി. രണ്ടാംഘട്ടം ആലോചിക്കാന്‍പോയ അവന്റമനസ്സും മണം പിടിച്ചോടി എത്തി. ഒരു ഒളിഞ്ഞു നോട്ടകാരന്റ മനസ്സ് സന്ദീപ് ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴാണ്അന്തരീക്ഷത്തില്‍വല്ലാത്തൊരു ഇടി മുഴങ്ങിയത്.
പുറകെ മിന്നലും. ആ വെള്ളിവെളിച്ചത്തില്‍ രണ്ടുനിഴലുകള്‍ക്കു സന്ദീപിന്റ കണ്ണുകളില്‍പുര്‍ണ്ണരൂപങ്ങള്‍ കൈവന്നു. അവന്‍ കൊതിയോടെ നോക്കി. അരകെട്ടില്‍ രതിയുടെ ചൂടുകാറ്റ് എവിടെയെക്കയോ പൊള്ളിക്കാന്‍ തുടങ്ങി. മിന്നല്‍ വീണ്ടും ആകാഴ്ച്ചക്കു തെളിച്ചം കൊടുത്തു. ഏതോഒരുഅതിരില്‍വച്ചു കണ്ണിലേക്കു തിരിച്ചറിവിന്റ രൂപ കൂടുകള്‍ ഭീതിയുടെ അമ്പുകള്‍ എയ്തു. ഇപ്പോള്‍മുന്നില്‍ കാണുന്നത് രതിയുടെ പോരാട്ടമല്ല. ഒരു കൊലപാതകത്തിന്റ അവസാന നിമിഷങ്ങളാണ്.
ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ ആള്‍ അതിജീവിക്കാന്‍ പാടുപെടുന്നു. വീണ്ടും വീണ്ടും മിന്നല്‍ കാഴ്ചക്കു ചൂട്ടു വീശി. കാഴ്ച്ച സത്യമാണ്. ആലീസ് ഇപ്പോള്‍ കൊല്ലപ്പെടും. അവളുടെ മുകളില്‍ കയറി കഴുത്തു മുറുക്കുന്ന ജോണ്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം കൊലപാതകി ആകും. രണ്ടുംപാടില്ല..! ഒരോട്ടമായിരുന്നു. ഗെയിറ്റ് ചാടി കടക്കുമ്പോള്‍ ഉടു മുണ്ടു പറിഞ്ഞു പോയി. സന്ദീപ് അറിഞ്ഞില്ല. ജനാലയില്‍ ശക്തമായി ഇടിച്ചു. അവസാന പിടച്ചിലിന്റ നേര്‍ത്ത ബിസില്‍ ശബ്ദം കേട്ടുതുടങ്ങിയ നേരത്താണ് ജോണ്‍ അതു കേട്ടുപിടഞ്ഞു മാറിയത്. ഗ്ലാസ്സ് പൊട്ടി സന്ദീപിന്റ കൈയ്യീന്ന് ചോര ചീറ്റി. തെരുവ് വെളിച്ചത്തില്‍ നിഴല്‍ രൂപം പോലെ ജോണ്‍ സന്ദീപിനെ കണ്ടു.
”ജോണേ…ആലീസിനെഒന്നും ചെയ്യരുത്…നമ്മുക്ക് സംസാരിക്കാം…”
അതൊരു അലര്‍ച്ചയായിരുന്നു. ജോണ്‍ മറ്റാരു മനുഷ്യന്‍ ആയി മാറിയിരുന്നു. ട്ടമൃഗത്തെ പോലെ ആലീസിലേക്കു ജോണ്‍ വീണ്ടും ചാടി വീണു. തടയാനുള്ള ജീവന്‍ അവളില്‍ബാക്കിയില്ലായിരുന്നു. സന്ദീപിന്റ നിലവിളികളില്‍ മറ്റു മുറികളിലെ ലൈറ്റുകള്‍ തെളിഞ്ഞു. അപ്പനും മറ്റുള്ളവരും ഓടിയെത്തി ജോണിനെ പിടിച്ചടക്കാന്‍ നോക്കി. നാലുവട്ടം മിസ്റ്റര്‍ കോട്ടയം ആയ ജോണ്‍ അവര്‍ക്ക് പഴുത്ത ഇരുമ്പു ഗോളമായിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു മറന്നു വെച്ച കളരിമുറ വലിവു രോഗിയായ അപ്പന്‍ ,ജോണിനു നേരേ പ്രയോഗിച്ചു. അടവിനു മുന്നില്‍ ശക്തി വീണു. ജോണിനെ ഉരുട്ടി കട്ടിലിന്റ താഴേക്കു അപ്പന്‍ വലിച്ചിട്ട നേരത്തു അമ്മയും ചേച്ചിയും അനിയനും ആലീസിനെ വലിച്ചെടുത്തു മുറി കടത്തി.
”ഇറങ്ങടാ വെളിയില്‍. എന്റെ മോളെ കൊല്ലാന്‍ നോക്കിയവന്‍ ഇനി പടിക്കു പുറത്ത്…”
ഇപ്പോള്‍ ജോണിലെ കാണ്ടാമൃഗം കുഴിച്ചുമൂടപ്പെടുകയും മാനിന്റ അവതാരം ഉളളില്‍പിറവിയെടുക്കുമ്പോലെ അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ആലീസിന്റ അപ്പന്‍ വീണ്ടും എന്തോ പറയാന്‍ നാക്കു വളച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. വലിവ് എളകി ശ്വാസം വലിക്കാന്‍ നോക്കി.
”ജോണേ അപ്പച്ചനു ഇന്‍ഹൈലര്‍ കൊടുക്ക്…”
സന്ദീപ് ഉറക്കെ വിളിച്ചു പറഞ്ഞ നേരത്താണ് തന്റെ കൈയ്യിലൂടെ ഒഴുകുന്ന ചോരയെ പറ്റി അവനുവെളിപാടുണ്ടായത്. പേടിയോടെ കൈ കുടഞ്ഞ് മുണ്ടു കീറി കെട്ടാല്‍ നോക്കവെ, സന്ദീപില്‍ ഞെട്ടല്‍. താന്‍ അടിവസ്ത്രത്തിലാണ് നില്‍ക്കുന്നത്.
അമ്മച്ചി ഓടി വന്നു അപ്പനു ഇന്‍ ഹൈലര്‍ വലിക്കാന്‍ കൊടുക്കുമ്പോ ജനാലക്കല്‍ നില്‍ക്കുന്ന സന്ദീപിനോട് അമ്മച്ചി വിളിച്ചു പറഞ്ഞു.
”എടാ കൊച്ചനേ, നീ പോലീസില്‍ വിവരം അറിയിക്ക്…” പറഞ്ഞു തീരുമ്പോഴക്കും ശ്വാസം കിട്ടിയ ആശ്വാസത്തില്‍ ജോണിനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുവന്നു.
”എനിക്ക് ആലിസിനോടു സംസാരിക്കണം. സത്യാവസ്ഥ വെളിപ്പെടുത്തണം…” ആങ്ങള കയറി ഇടപെട്ടു.
”നീ പോ ഞങ്ങളെ മുന്നീന്ന്. ഇല്ലേ പോലീസിനെ വിളിക്കും…” പറഞ്ഞതും വീടിനു പുറത്തേക്കു വലിച്ചെറിഞ്ഞു. നഷ്ടപ്പെട്ട ഉടുമുണ്ടു നോക്കി ഗെയിറ്റിന്റെ വശത്തേക്കെത്തിയ സന്ദീപിന്റ മുന്നില്‍ ജോണ്‍ വന്നു വീണു. അടിവസ്ത്രത്തില്‍ നില്‍ക്കുന്ന സന്ദീപിനെ കണ്ടു ജോണിന്റെ കരച്ചില്‍ പെട്ടെന്നു നിന്നു. ആ മുഖത്തു സംശയത്തിന്റ വിത്തുകള്‍ പൊട്ടി മുളക്കാന്‍ തുടങ്ങി. ഗെയിറ്റില്‍ കുരുങ്ങിയ കീറിയ കൈലിമുണ്ടു അവന്‍അരഭാഗം മറിച്ചു കെട്ടിയപ്പോള്‍ ജോണിന്റ ആദ്യ സംശയം.
”നീ ഈ അസമയത്ത് തുണിയില്ലാതെ ഒളിഞ്ഞു നോക്കുകയായിരുന്നോ…”
”ആണേല്‍ ഞങ്ങള്‍ സഹിച്ചു. നിന്നെ കൊണ്ടു മസിലു പെരുപ്പിച്ചു നടക്കാനല്ലേ അറിയു. അവന്‍ ഒളിഞ്ഞു നോക്കിയതു കൊണ്ടുഞങ്ങളുടെ കുഞ്ഞിന്റ ജീവന്‍ തിരിച്ചു കിട്ടി…” അമ്മച്ചിയുടെ വാക്കുകള്‍ക്കു മയമില്ലായിരുന്നു.
”ഈശ്വരാ … മരിക്കാന്‍ കാത്തിരിക്കുന്ന ഞാനിപ്പോ ദുര്‍നടപ്പുകാരനോ..?” സന്ദീപ് വേവലാതിപ്പെടാന്‍ തുടങ്ങി.
”ഞാന്‍ ഒളിഞ്ഞു നോക്കാന്‍ വന്നതല്ല. പുറത്ത് കാറ്റു കൊള്ളാന്‍ നിക്കുമ്പോഴാ ഈ കാഴ്ച്ച കണ്ടത്. അതാ ഓടി വന്നത്…” സന്ദീപ് നയം വക്തമാക്കിയപ്പോള്‍ ജോണില്‍ സംശയം പകുതിയായി.
”നിന്നെ ഈശ്വരനാ ഇവിടെ എത്തിച്ചത്..?” അപ്പന്‍ പറഞ്ഞപ്പോള്‍ അമ്മച്ചി വരയിട്ടുപറഞ്ഞു.
”വാസ്തവം…”
സന്ദീപ് അതു കേട്ടു വാപൊളിക്കുകയും സംശയം തീര്‍ന്ന ജോണ്‍ അതടക്കുകയും പിന്നെ അവനെ കെട്ടിപിടിച്ചു കരയാനും തുടങ്ങി.
”നീ വന്നില്ലാരുന്നെങ്കില്‍ ഞാനിപ്പോ കൊലയാളി ആയേനെ …ക്ഷമിക്ക് അനിയാ..ഞാന്‍ ആലീസിനെകൊല്ലാന്‍ വേണ്ടി ചെയ്തതല്ല. അവള്‍ മറ്റൊരു കാമുകനെ സ്‌നേഹിക്കാന്‍തുടങ്ങിയെന്നറിഞ്ഞപ്പോള്‍ എനിക്ക് പിന്നെ നിയന്ത്രിക്കാന്‍ പറ്റിയില്ല…”
ആ തൊണ്ണൂറു കിലോ ഭാരം ജോണ്‍ സന്ദീപിന്റ നെഞ്ചിലേക്കെടുത്തു വെച്ചു ഏങ്ങലടിച്ചു. കേട്ടു നിന്ന അപ്പനും ആങ്ങളയും ഞെട്ടി.
”ആലീസിനു വേറെ ബന്ധമോ..? ഭാരം താങ്ങാതെ സന്ദീപ് നിലത്തേക്കിരുന്നു പോയി.
”സത്യമാ ഞാന്‍ പറയുന്നത്. അവള്‍ക്ക് സാഗര്‍ എന്ന ഒരാളുമായി അവിഹിത ബന്ധം ഉണ്ട്. ഞാന്‍ കണ്ടുപിടിച്ചു. അവനോടു എന്നെ പറ്റി എന്തു ആഭാസത്തരമാണ് ഇവള്‍ പറഞ്ഞു പിടിപ്പിച്ചത്…”
”എന്റെ പെങ്ങളെ പറ്റി അനാവശ്യം പറയരുത്…” ആങ്ങള വീണ്ടും കഴുത്തിനുപിടിച്ചു. സന്ദീപ് ഇടപെട്ടു.
”സത്യം ആലീസ് പറയട്ടെ…” അമ്മച്ചി അകത്തെ മുറിയില്‍ തൊണ്ട തിരുമ്മിയിരുന്ന ആലീസിനെ പിടിച്ചു വലിച്ചു കൊണ്ടു നിര്‍ത്തി.
”ഇയാള്‍ പറയുന്നത് സത്യമാ . ഞാന്‍ ആഗ്രഹിച്ച സ്‌നേഹം നേരില്‍ കണ്ടിലെങ്കില്‍ കൂടി അദ്ദേഹം എനിക്കു തന്നിട്ടുണ്ട്. തുറന്നു പറയാന്‍ ഒരു മടിയും ഇല്ല…”
ആലീസിന്റ കൂസാത്ത ഭാവം. സന്ദീപിന് അതു കൗതുക കാഴ്ച്ചയായി. ജീവിതങ്ങള്‍ പിഴക്കുന്നത് എവിടെയാണ്..? ജന്മത്തിലോ കര്‍മ്മത്തിലോ..?
”നിങ്ങളെന്നെ സ്‌നേഹത്തോടെ ഒന്നു തലോടിയിട്ടുണ്ടോ..? ആ സമയവും സ്വന്തം മസിലു പെരുപ്പിച്ചു അതു തടവി സന്തോഷിക്കുകയല്ലേ ചെയ്തത്. ഞാന്‍ ഒരു പെണ്ണാണെന്നു നിങ്ങള്‍ മറന്നു. എന്റ മനസ്സില്‍ അയാളാ…” പറഞ്ഞതും വെട്ടി തിരിഞ്ഞു അവള്‍ അകത്തേക്കു പോയി.
”കണ്ടില്ലേ… അവളുടെ മനസ്സ് . ഞാന്‍ ശ്രദ്ധിച്ചില്ല അവളെ . സ്‌നഹിച്ചിട്ടുണ്ട്. പക്ഷേ പ്രകടിപ്പിക്കാന്‍ അറിയില്ല…” ജോണ്‍ വല്യ ശരീരം വച്ചു കൊച്ചു കുട്ടിയെ പോലെ ഏങ്ങി തുടങ്ങി.
”അപ്പാ ആ സാഗറെ വിളിക്ക്. ഇപ്പോതന്നെ സംസാരിച്ച് ആ ബന്ധം കീറണം…” ആങ്ങള പറഞ്ഞതും, ആലീസിന്റ ഫോണ്‍ എടുക്കാന്‍ അമ്മച്ചി പോയി. ജോണ്‍ തടഞ്ഞു.
”അമ്മച്ചി വേണ്ട. ആ സാഗറും ഞാന്‍ തന്നെയാ…” അങ്ങനെ ഒരു തിരിവ് ആരും പ്രതീക്ഷിച്ചില്ല.
”ആലീസ് എന്നെ സ്‌നേഹിക്കുന്നില്ലാന്ന് ചില നേരത്ത് എനിക്കു തോന്നി. ആ സത്യം കണ്ടെത്താനാ ഫേസ് ബുക്കില്‍ പുതിയ അക്കൗണ്ട് എടുത്ത് മെസഞ്ചറില്‍ ചാറ്റു തുടങ്ങിയത്. ആലീസിന്റ ഇഷ്ടങ്ങള്‍ മനസിലാക്കി ഞാന്‍ മെസേജുകള്‍ ന് അയച്ചു തുടങ്ങിയപ്പോള്‍ അവളുടെ മനസ്സില്‍ സാഗര്‍ കയറി പറ്റുമെന്നു സ്വപ്നത്തില്‍ വിചാരിചില്ല. അവള്‍ എന്റ കുറ്റങ്ങളും കുറവുകളും സാഗറായ എന്നോടു തന്നെ പറഞ്ഞു. അതിനു ഞാന്‍ കൊടുത്ത കെയറിംഗില്‍ അവള്‍ സമാധാനം കണ്ടെത്തി. അതേ എനിക്കു ജോണായി നേരിട്ടു കലഹിക്കേണ്ടി വന്നു. ഒടുക്കം അവള്‍ ഇന്നു കിടക്കാന്‍ നേരം സാഗറായ എനിക്കു മസേജ് ഇട്ടിരിക്കുന്നു. ഇറങ്ങി വരട്ടേ… സ്‌നേഹിച്ചു കൊല്ലുമോന്ന് …! അവിടെ എന്റ പിടി വിട്ടു പോയി. ഉറങ്ങാന്‍ കാത്തിരുന്നതും കൊല്ലാന്‍ ശ്രമിച്ചതും ആ വേദന കൊണ്ടാ…”
ജോണ്‍ പറഞ്ഞു കഴിഞ്ഞിട്ടും കരച്ചില്‍ നിര്‍ത്തിയില്ല. ആരും ആരും മിണ്ടിയില്ല. എല്ലാ കേട്ടു വിശ്വസിക്കാനാവാതെ ജനാലക്കല്‍നില്‍ക്കുന്ന ആലീസിനെ സന്ദീപ് മാത്രം കണ്ടു. അവളില്‍ കേട്ടതിന്റ അമ്പരപ്പ് മാറിയിട്ടില്ല. ആലീസിന്റ അപ്പന്‍ ജോണിനെ ചേര്‍ത്തുപിടിച്ചു.
”അവളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി നീ സാഗറായപ്പോള്‍ അവള്‍ സന്തോഷിച്ചു. ആ ഇഷ്ടത്തെ നീ എന്തുകൊണ്ടു ജോണായി ജീവിക്കുമ്പോള്‍ കണ്ടെത്തിയില്ല..?”
അപ്പന്റ ചോദ്യത്തിനു മുന്നില്‍ ജോണിന്റ കരച്ചില്‍ നിന്നു. ഉത്തരം കൊടുക്കാന്‍ മറുപടികള്‍ ഒന്നുമില്ലാരുന്നു. സന്ദീപും അതു കേട്ടുഒന്നു പകച്ചു പോയി. താന്‍ തേടിയ ചോദ്യവും ഉത്തരവും..? അനുവാദമില്ലാതെ ഒരു പോലീസ് ജീപ്പ് ചീറി പാഞ്ഞു വന്നു നില്‍ക്കുന്നതു കണ്ട് ജോണ്‍ ഞെട്ടി.
”ഞാനവളെ കൊല്ലാന്‍ നോക്കിയത് നിങ്ങളു തന്നെ പോലീസില്‍ അറിയിച്ചല്ലേ?’ പറഞ്ഞതും ജോണ്‍ ഓടി. ജീപ്പില്‍ നിന്നിറങ്ങുന്ന പോലീസുകാര്‍ കാണുന്നത് ആ കാഴ്ച്ചയാണ്. ഓടി വട്ടമിട്ടു പിടിച്ചു.
”നീയാണോടാ ആന്മഹത്യ ചെയ്യാന്‍ നോക്കിയത്..?” ജോണ്‍ വാപൊളിച്ചു പോയി.
”ദൈവമേ …എന്തൊരു മറിമായം. ഭാര്യയെ കൊല്ലാന്‍ നോക്കിയ ഞാന്‍ ആന്മഹത്യ ചെയ്യാന്‍ നോക്കിയെന്നോ..?”
”നീയല്ലേ സന്ദീപ്..?” ഇരുട്ടില്‍ നിന്ന് ഒരു കാക്കി കുപ്പായ കാരന്റ ചോദ്യം. ജോണിനു ഒന്നും മനസ്സിലായില്ല. വീട്ടുകാര്‍ക്കും. എല്ലാം അറിഞ്ഞ് സന്ദീപ് പറഞ്ഞു.
”ഞാനാണ് സാറെ…”
”ഫെയ്‌സ്ബുക്കില്‍ മരണ കുറിപ്പിട്ടിട്ട് നീ ആന്മഹത്യ ചെയ്തില്ലേ..? ഞങ്ങളു നിന്റ ശവത്തിനു ഇന്‍ കിസ്വറ്റു തയ്യാറാക്കാന്‍ വന്നതാ…”
എസ്.ഐ യുടെ വാക്കുകളില്‍ അവനോടുള്ള നീരസം. ജോണും വീട്ടുകാരും ഞെട്ടി പോയി. വിശ്വസിക്കാനാവതെ ആലീസും. സന്ദീപ് തലകുനിച്ചു നില്‍ക്കുകയാണ്.
”നിന്റെ മൊബൈല്‍ എവിടെ..?” സന്ദീപ് മുറിക്കു നേരേ കൈ ചൂണ്ടി. ഒരു പോലീസുകാരന്‍ മൊബൈലിനു വേണ്ടി പോയി.
”നീ ഇതിനിടയില്‍ എപ്പോഴാ ആത്മഹത്യ ചെയ്യാന്‍ നോക്കിയത്..?” ജോണ്‍ വാക്കു കൊണ്ടു ചോദിച്ചിട്ടു വീട്ടുകാര്‍ മൗനം കൊണ്ടു ചോദിച്ചിട്ടും അവന്‍ അതേ നില്പു തുടര്‍ന്നു. എസ്.ഐ അവന്റ മൊബൈല്‍ ഓണ്‍ ചെയ്തു. മഴ വെള്ളപാച്ചിലുപോലെ മെസേജുകളുടെ പെരുമഴ. എല്ലാര്‍ക്കും പറയാന്‍ ഒരു കാര്യം.
”മോനെ…സന്ദീപേ…അവിവേകം കാട്ടല്ലേ. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്ന്…”
”നിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിക്കാമെന്ന്…”
”നിന്റെ ഭാര്യയേയും കുഞ്ഞിനേയും മറന്ന് വേണ്ടാത്തത് കാട്ടി കൂട്ടരുതെന്ന്…”
”നിനക്ക് ഞങ്ങളൊക്കെ ഉണ്ട്. നിന്റ പ്രശ്‌നങ്ങള്‍ നീ പറയാതെ ഇങ്ങനെ ഒളിച്ചോടരുതെന്ന്…” വാക്കുകളും വരികളും മാറി മാറി വീണ്ടും മെസേജുകള്‍ വന്നു കൊണ്ടിരുന്നു
”അനിയാ, നിന്നെ സ്‌നേഹിക്കാന്‍ നിനക്കു ചുറ്റും ഇത്രയും പേര്‍ ഉണ്ടായിട്ടും നീ കണ്ടില്ലേ..?” എസ്.ഐയുടെ മയപ്പെട്ട ശബ്ദം സന്ദീപിനെ ചിന്തിപ്പിച്ചു.
”തന്നെ സ്‌നേഹിക്കാന്‍ ഇത്രയും ആളുകള്‍ ഉണ്ടായിരുന്നോ..?”
”എടാ തോമസേ… ഇവന്റ ഫെയ്‌സ്ബുക്കിലിട്ട മരണ കുറിപ്പ് വായിച്ചേ…” തോമസ് വായിച്ചു തുടങ്ങി.
”പ്രിയപ്പെട്ട സമൂഹത്തിനു ഒരുപാട് സ്വപ്നവുമായി ജീവിച്ച ചെറുപ്പക്കാരനാണ് ഞാന്‍ . ഒരു സിനിമാ നടന്‍ ആകുവാ എന്നത് എന്റ സ്വപ്നം ആയിരുന്നു. അതിന്റ ആദ്യ പടിയായി ഞാനൊരു നാടകനടനായി. ആ കടമ്പക്കപ്പുറം എനിക്കു മുന്നോട്ടു പോകാന്‍ സാധിച്ചില്ല. അവസരങ്ങള്‍ക്കു വേണ്ടി അലഞ്ഞപ്പോള്‍ കുടുബത്തെ മറന്നു…”
”നിങ്ങള്‍ നിങ്ങളുടെ ഇഷ്ടങ്ങളെ പറ്റി മാത്രമാ ചിന്തിക്കുന്നത്. ഞാനും മക്കളും പട്ടിണി അറിയാന്‍ തുടങ്ങി എന്നു വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി…” എന്നിട്ടും എനിക്ക് ഈ മേഖല വിട്ടു പോകാന്‍ പറ്റുന്നില്ല. മനസ്സ് സമ്മതിക്കുന്നില്ല.
”ഇനി നിങ്ങള്‍ അഭിനയിക്കാന്‍ പോകണ്ട. കുടുബം നോക്കണം.അതിനു സത്യം ചെയ്തു തരണം…” എന്നു ഭാര്യപറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വേവലാതിപ്പെടാന്‍ തുടങ്ങി.
”എല്ലാം സഹിക്കുന്നഭാര്യയെ പറഞ്ഞു പറ്റിക്കാന്‍ തോന്നിയില്ല. എന്നാല്‍ അഭിനയം വിട്ടു പോകാന്‍ മനസ്സു സമ്മതിക്കുന്നില്ല. ഇങ്ങനെ നീറി ജീവിക്കാന്‍ എനിക്കു പറ്റുന്നില്ല. അടുത്ത ജന്മത്തില്‍ ഒരുപാട് സൗഭാഗ്യങ്ങള്‍ ഭാര്യയും മക്കള്‍ക്കും കൊടുത്ത് വല്യ ഒരു നടനാകണം. അതിനു വേണ്ടി എന്റ ജീവിതം ഞാന്‍ അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥന എന്റ ഭാര്യക്കും കുഞ്ഞിനും ഉണ്ടാവണം…” തോമസ് വായിച്ചു തീര്‍ന്നപ്പോള്‍ സന്ദീപ് പൊട്ടികരയാന്‍ തുടങ്ങി. ജോണും വീട്ടുകാരും അന്തിച്ചു നില്‍ക്കുകയാണ്.
”അനിയാ… നീ നല്ലൊരു നടനാ . തിരശ്ശീലയില്‍ മാത്രമല്ല. ജീവിതത്തിലും…” എസ്.ഐ അവന്റെ കവിളു തീര്‍ത്തൊരണ്ണം കൊടുത്തു. അതാരും പ്രതീക്ഷിച്ചില്ല.
”ചാവാന്‍ പോസ്റ്റു ചെയ്തിട്ടു ഇങ്ങനെ ജീവനോടെ നട്ടെല്ലില്ലാതെ നില്‍ക്കുന്നതിനു തന്നതാ…” മറ്റു പോലീസുകാര്‍ ചിരിച്ചു. സന്ധ്യയുടെ കോള്‍ വന്നപ്പോള്‍ അവനൊന്നു പകച്ചു. നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്. ഈ സമയത്ത് വിളിക്കുന്നതല്ലല്ലോ? ഇനി അറിഞ്ഞിട്ട്….
”അനിയന്‍ സംസാരിക്ക്…” എസ്.ഐ ഫോണ്‍ സ്പീക്കറിലിട്ടു.
”ഏട്ടാ… ഞങ്ങളെ മറന്ന് മരിക്കാന്‍ നോക്കിയോ..! ഇനി ഞാന്‍ ഒന്നും പറയില്ല. അവിവേകം ഒന്നും കാട്ടല്ലേ ഏട്ടാ..! ഇനി ഞങ്ങള്‍ക്കും ഏട്ടന്റ ഇഷ്ടങ്ങള്‍ മാത്രം മതി…” അതു കേട്ടപ്പോഴേക്കും സന്ദീപ് പൊട്ടി പോയി.
”ഇനി നിങ്ങളെ മറന്ന് ഞാന്‍ ഇങ്ങനെ ചെയ്യില്ല. നമ്മുടെ മോളാണേ സത്യം…” സ്പീക്കര്‍ ഫോണിലൂടെ കുഞ്ഞിന്റ കരച്ചില്‍ കേട്ടു.
”ഏട്ടന്‍ ഇങ്ങു വാ. ഞങള്‍ക്ക് കാണണം…” അവളും കരയാന്‍ തുടങ്ങി.
”ഞാന്‍ വരാം മോളെ…” പറഞ്ഞതും സന്ദീപ് ഫോണ്‍ കട്ടു ചെയ്തു.
”അനിയാ നീ നിന്നെ കുറിച്ചും നിന്റെ ഇഷ്ടങ്ങളെ പറ്റിയും മാത്രമേ ചിന്തിച്ചുള്ളു. അവരെ പറ്റി ചിന്തിച്ചില്ല. പട്ടിണി കൂടിയപ്പോള്‍ ഭാര്യ സത്യം ചെയ്യിച്ചത് അവരുടെ ഗതികേടാ. നീ കൊടുത്ത ഗതികേട്…” എസ്.ഐ യുടെശബ്ദത്തിനു ഒരുകൂടപിറപ്പിന്റ ഭാവമായിരുന്നു.
”അവരെ വിഷമിപ്പിക്കാതെ വേഗം ചെല്ല്. പിന്നെ അഭിനയം നല്ലതാ. ഒരു കലാകാരനായി ജീവിച്ചു മരിക്കുന്നത് പുണ്യാ . പക്ഷേ, മനുഷ്യനായി ജീവിക്കുകയും വേണം. അല്ലെങ്കില്‍ എന്തു സമാധാനമാ കിട്ടുന്നെ…” എസ്.ഐയുടെ തത്ത്വശാസ്ത്രങ്ങള്‍ കേട്ടു പോലീസുകാരുടെ കണ്ണു തള്ളി.
”പ്രതികളോടു യാതൊരു ധാഷണ്യവും കാട്ടാത്ത സാറ് ഇങ്ങനെയൊക്കെ പറയുമോ..?” എസ്.ഐ തിരിഞ്ഞു ജീപ്പിനടുത്തേക്കു നീങ്ങി. എന്തോ ഓര്‍ത്തു തിരിച്ചു അവന്റ അടുത്തേക്കു വന്നു പേഴ്‌സില്‍ നിന്നു അഞ്ഞൂറിന്റ രണ്ടു നോട്ടെടുത്തു നിര്‍ബന്ധപൂര്‍വ്വം അവന്റ കൈയ്യില്‍ വെച്ചു കൊടുത്തു.
”ഇരിക്കട്ടെ അനിയാ. ജീവിതത്തില്‍ കൈകൂലി വാങ്ങിയിട്ടില്ല. അതുകാണ്ട് കൂടുതലു തരാനും ഇല്ല…” ജീപ്പ് പോയപ്പോള്‍ ജോണ്‍ വന്നു സന്ദീപിനെ പിടിച്ചു.
”എടാ നമ്മളൊക്കെ ജീവിതത്തില്‍ തോറ്റവരാ അല്ലേ..?” ആലീസിന്റ കണ്ണു നിറഞ്ഞു വന്നു. അപ്പന്‍ വന്നു ജോണിനേയും സന്ദീപിനേയും ചേര്‍ത്തുപിടിച്ചു.
”നിങ്ങളൊക്കെ ഒത്തിരിപാവങ്ങളായി പോയി നിങ്ങള്‍ സ്‌നേഹിച്ചതും ചിന്തിച്ചതും നിങ്ങളുടെ സ്വപ്നങ്ങളെ മാത്രാ . നിങ്ങള്‍ക്കു ചുറ്റും ഉള്ളവരുടെ ഇഷ്ടങ്ങളെ പോലും നിങ്ങള്‍ കണ്ടില്ല. പകരം നമ്മുടെ ഇഷ്ടങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ നോക്കി. അവിടെയാണ് നിങ്ങള്‍ തോറ്റു പോയത്…” അപ്പന്‍ പറഞ്ഞപ്പോള്‍ ഉത്തരങ്ങളില്ലാതെ അവര്‍ കേട്ടു നിന്നു. അപ്പന്‍ ആലീസിനെ വിളിച്ചു.
”നി ങ്ങള്‍ക്ക് പരസ്പ്പരം നിങ്ങളുടെ ഇഷ്ടങ്ങളെ പറ്റി അറിയ്യോ..?” ആലീസും ജോണും മിണ്ടിയില്ല.
”ആദ്യം നിങ്ങള്‍ പരസ്പരം മനസ്സിലാക്കണം ഇഷ്ടങ്ങളെ പറ്റി. അതു ചോദിച്ചാവരുത്. സ്വയം കണ്ടുപിടിച്ചെടുക്കണം.എന്നിട്ട് ആ ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കണം. അപ്പോള്‍ മറ്റേ ആളില്‍ ഉണ്ടാകുന്ന ഒരു ആദരവ് ഉണ്ട്. അതാണ് ഉള്ളീന്ന് ഉണ്ടാകുന്നആദ്യ സ്‌നേഹം .പിന്നെ ഏതു കാലത്തും എത്ര കലഹിച്ചാലും ഈ സ്‌നേഹം ഓര്‍മ്മയില്‍ ഉള്ളിടത്തോളം ഒന്നു കണ്ണു തുറക്കുന്ന സമയമേ ഈ പിണക്കത്തിനു ആയുസ്സ് ഉണ്ടാവു…” ആ പറഞ്ഞ വാക്കുകളുടെ തീവ്രത അനുഭവിച്ചതിന്റ ഓര്‍മ്മകളില്‍ ആലീസിന്റ അമ്മച്ചി കണ്ണുകള്‍ ഇറുക്കിയടച്ചു.
”മോനെ ജോണേ…നിന്റെ ഭാര്യയുടെ സ്‌നേഹം അറിയാന്‍ നീ മറ്റൊരാളായി . ആ ആളിലൂടെ ഭാര്യയുടെ ഇഷ്ടങ്ങളെ അറിഞ്ഞു. നീകൊടുത്ത ആ സ്‌നേഹത്തില്‍ അവളും സന്തോഷിച്ചു. അപ്പോഴെങ്കിലും അതു തിരിച്ചറിഞ്ഞു നിനക്ക് നിന്റ ഭാര്യയെ സ്‌നേഹിച്ചൂടായിരുന്നോ..?”
ജോണ്‍ ആലീസിനു മുന്നില്‍ കൈകൂപ്പി. ആ കൈകള്‍ ചേര്‍ത്തുപിടിച്ചു ആലീസും പൊട്ടി കരഞ്ഞു. സന്ദീപ് തന്റ മുറിയിലേക്കു നടന്നു. താന്‍ നഷ്ടപ്പെടുത്തിയ ഭാര്യയുടെ സ്‌നേഹത്തെ ഓര്‍ത്ത്…! കുഞ്ഞിന്റ വാത്സല്യത്തെ ഓര്‍ത്ത്…!
ഇനി അവരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ്, സ്‌നേഹം കൊടുത്തു, അവര്‍ക്കു വേണ്ടി ജീവിക്കണം. അപ്പോഴാണ് സന്ദീപ് ശരിക്കും ചിന്തിക്കാന്‍ തുടങ്ങിയത്…
”കല്യാണം കഴിഞ്ഞിട്ടു എട്ടു വര്‍മായി. എന്തൊക്കെ ആയിരിക്കും ഭാര്യയുടെ ഇഷ്ടങ്ങള്‍…”