Sunday, May 19, 2024

HomeUS Malayaleeഒരിക്കല്‍ കൈവിട്ട ജീവിതം സിന്ധുതായിയെ അനാഥരുടെ സ്വന്തം 'മായി'യാക്കി

ഒരിക്കല്‍ കൈവിട്ട ജീവിതം സിന്ധുതായിയെ അനാഥരുടെ സ്വന്തം ‘മായി’യാക്കി

spot_img
spot_img

ജോയ്‌സ് തോന്ന്യാമല

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാണക്യന്റെ ആറ് നിരീക്ഷണങ്ങള്‍ ജീവിത വിജയത്തിന്റെ, മാനുഷികമായ നേട്ടങ്ങളുടെ അടിസ്ഥാന ശിലകളാണെന്ന വിഷയമാണ് ‘നേര്‍കാഴ്ച’ ന്യൂസിന്റെ ലക്കങ്ങളില്‍ നാം ചര്‍ച്ച ചെയ്യുന്നത്. അതില്‍ മൂന്നാമത്തേതാണ് ”ഭയമുള്ള സാഹചര്യങ്ങളെ അവിടെയെത്തി നേരിടണം…’ എന്ന തത്വം.

എല്ലാ മനുഷ്യരിലും ജന്‍മനാ കുടികൊള്ളുന്ന വികാരമാണ് ഭയം. എന്നാല്‍ ഭയത്തിന് അടിമപ്പെട്ട് ജീവിതം വ്യര്‍ത്ഥമാക്കാതെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിലേയ്ക്ക് ധൈര്യപൂര്‍വം ഇറങ്ങച്ചെന്ന് അതിനെ അതീജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍മാകുന്നത്…മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നത്…തുണയാകുന്നത്.

ഇവിടെ സിന്ധുതായി സപ്കല്‍ എന്ന 73കാരിയുടെ അതിദാരുണമായ ജീവിതാനുഭവം നമുക്കൊരു വലിയ പാഠപുസ്‌കമാണ്. ലോകത്തെ ഒരു സര്‍വകലാശാലയിന്‍ നിന്നും കിട്ടാത്ത സമാനതകളില്ലാത്ത അനുഭവപാഠം സിന്ധുതായി സപ്കല്‍, കരുത്തുറ്റ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കുകയാണ്.

ഭര്‍ത്താവ് ചവുട്ടിക്കൊല്ലാന്‍ വിട്ട് മരിച്ചുവെന്ന് കരുതിയ സിന്ധുതായി പൈശാചികമായ അനുഭവങ്ങള്‍ താണ്ടി ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റിയപ്പോള്‍ അവരെ തേടിയെത്തിയത് 750ലധികം ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ്. ഇക്കൊല്ലത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് സിന്ധുതായിയെ ആദരിക്കുകയും ചെയ്തു. ഇന്ന് സിന്ധുതായി അനാഥരുടെ ‘അമ്മ’യാണ്…ഭാരതത്തിന്റെ ധീരവനിതയാണ്…ആലംബഹീനര്‍ക്ക് തണല്‍ മരമാണ്.

സിന്ധുതായിയെ അടുത്തറിയാം…അവരുടെ കണ്ണീരിന്റെ ഉപ്പ് കലര്‍ന്ന ജീവിതയാത്രയും അതിജീവനത്തിന്റെ മൂര്‍ത്തങ്ങളും പോരാട്ടവും നമ്മെ പ്രചോദിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പിംപ്രി മോഘെ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തില്‍ 1948 നവംബര്‍ 14-ാം തീയതിയാണ് സിന്ധുതായി ജനിച്ചത്.

അമ്മയുടെ എതിര്‍പ്പുണ്ടായിട്ടും അച്ഛന്‍ അഭിമാന്‍ജി സാഠെ മകളെ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലം നാലാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതയായ സിന്ധുതായി പിന്നെ കന്നുകാലികളെ മേയ്ക്കാന്‍ നിയോഗിക്കപ്പെട്ടു.

അത് ദുരന്തത്തിലേയ്ക്കുള്ള യാത്രയായിരുന്നു. പഠിത്തം നിര്‍ത്തുമ്പോള്‍ സിന്ധുതായിക്ക് ഒന്‍പത് വയസ്. ഈ പ്രയത്തില്‍ 30 വയസുള്ള ശ്രീഹരി സപ്കലിനെ വിവാഹം കഴിക്കേണ്ടിവന്ന ഹതഭാഗ്യയായി അവള്‍. 19 വയസായപ്പോള്‍ സിന്ധുതായി മൂന്ന് ആണ്‍മക്കളുടെ അമ്മയായി.

നാലാമത്തെ കുട്ടിയെ വയറ്റില്‍ പേറുന്ന സമയത്ത് സിന്ധുവിന്റെ ജീവിതം മാറ്റിമറിച്ച ഒരു ദുരന്തമുണ്ടായി. ഗ്രാമത്തിലെ സ്ത്രീകള്‍ ജീവിതമാര്‍ഗത്തിനായി ചാണകവറളികള്‍ ഉണ്ടാക്കി അവിടത്തെ ജന്‍മിക്ക് കൊടുക്കുമായിരുന്നു. എന്നാല്‍ കൂലികൊടുക്കാതെ ആ ജന്‍മി സ്ത്രീകളെ ചുഷണം ചെയ്യുകയായിരുന്നു. സിന്ധുതായി ജന്‍മിക്കെതിരെ നടത്തിയ പ്രക്ഷേഭം വിജയിച്ചു.

സ്ത്രീകള്‍ക്ക് ന്യായമായ കൂലികൊടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. അതോടെ ജന്‍മി സിന്ധുവിന്റെ ശത്രുവായി. എങ്ങനെയെങ്കിലും സിന്ധുവിനെ ഇല്ലാതാക്കാന്‍ ജന്‍മി ലക്ഷ്യമിട്ടു. സിന്ധുവിന് അനേകം പുരുഷന്‍മാരുമായി ബന്ധമുണ്ടെന്നും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്റേതാണെന്നും ജന്‍മി സിന്ധുവിന്റെ ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കോപാകുലനായ ഭര്‍ത്താവ് ശ്രീഹരി സപ്കല്‍ പൂര്‍ണ ഗര്‍ഭിണിയായ സിന്ധുവിന്റെ വയറ്റില്‍ പലവട്ടം ആഞ്ഞ് ചവുട്ടി. ബോധരഹിതയായി നിലത്തുവീണ സിന്ധു മരിച്ചെന്നു കരുതി ഒരു പശുത്തൊഴുത്തില്‍ വലിച്ചിഴച്ച് കൊണ്ടുചെന്നിട്ടു.

പശുക്കളുടെ ചവിട്ടേറ്റ് സിന്ധു മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ആ കാപാലികന്‍ ഇപ്രകാരം ചെയ്തത്. പക്ഷേ സിന്ധുവിന് ബോധം വീണു. അവള്‍ കണ്ണുകള്‍ മെല്ലെ തുറന്നു. അപ്പോള്‍ കണ്ടത് താന്‍ മേയ്ച്ചുകൊണ്ടിരുന്ന തന്നോടിണങ്ങിയ ഒരു പശുവിന്റെ ഇരുകാലുകള്‍ക്കിടയില്‍ സുരക്ഷിതയായി കിടക്കുന്ന കാഴ്ചയാണ്. 1973 ഒക്‌ടോബര്‍ 14ന് ആ കാലിത്തൊഴുത്തില്‍ അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂര്‍ഛയുള്ള ഒരു കരിങ്കല്‍ ചീളുകൊണ്ട് പലവട്ടം ഉരച്ച് ഏറെ വേദന തിന്ന് സിന്ധു പൊക്കിള്‍ക്കൊടി മുറിച്ചു.

മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച ആ പശുവിനെ കൃതജ്ഞതാപൂര്‍വം നോക്കിക്കൊണ്ട് സിന്ധു ലോലമായ ശബ്ദത്തില്‍ ഇപ്രകാരം പറഞ്ഞു…”ആരുമില്ലാത്ത എന്നെ നീ രക്ഷിച്ചതുപൊലെ ഞാന്‍ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കും…” ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം സിന്ധുതായി തന്നെ വെളിപ്പെടുത്തിയതാണ്.

ഏതായാലും അത് ഒരു ഉഗ്ര ശപഥമായിരുന്നു. പിന്നീട് കൈക്കുഞ്ഞുമായി സിന്ധു കിലോമീറ്ററുകക്കകലെയുള്ള തന്റെ അമ്മയുടെ വീട്ടിലേക്ക് ആയാസപ്പെട്ട് നടന്നെത്തിയെങ്കിലും വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടു…തിരിഞ്ഞു നടന്ന സിന്ധുവിനുനേരെ ഗ്രാമീണര്‍ ചീറിയടുത്തു.

ചോരക്കുഞ്ഞുമായി പോകാനൊരിടവുമില്ലാത്ത അവസ്ഥ. ദുഖഭാരവുമായി നടന്നെത്തിയത് ഒരു ശ്മശാനത്തിലേയ്ക്കാണ്. അവിടം സുരക്ഷിതമായിരുന്നു. ദഹിപ്പിക്കുന്ന ശവങ്ങളുടെ അരികില്‍ അന്തിയുറങ്ങി. മരണാനന്തര കര്‍മങ്ങള്‍ക്ക് ഉപയോഗിച്ച ഗോതമ്പ് പൊടികൊണ്ട് ശവം ദഹിപ്പിച്ച കനലില്‍ ചുട്ടെടുത്ത റൊട്ടി കഴിച്ചു.

എന്നിട്ടും വിശപ്പടങ്ങിയില്ല. പിന്നെ റെയില്‍വേ പ്ലാറ്റ്‌ഫോമിലും മറ്റും ഭിക്ഷയെടുത്തു. ജീവിതം കൈവിട്ട് പോവുകയാണ്. പിഞ്ചുമകളെയും ചേര്‍ത്ത്പിടിച്ച് ആത്മഹത്യചെയ്താലോ എന്നുവരെ ആലോചിച്ചു. എന്നാല്‍ തോറ്റുകൊടുക്കാന്‍ സിന്ധു തയ്യാറായിരുന്നില്ല.

തെരുവിലുപേക്ഷിക്കപ്പെട്ട കുട്ടികള്‍ സിന്ധുവിന് ചുറ്റുമുണ്ടായിരുന്നു. അവരുടെ കഷ്ടതകള്‍ സിന്ധു നേരിട്ടറിഞ്ഞു. താന്‍ മരിക്കേണ്ടവളല്ല, അവര്‍ക്ക് തുണയാവേണ്ടവളാണെന്ന് സിന്ധു മനസില്‍ കുറിച്ചു. അനാഥക്കുട്ടികളെ അവര്‍ തന്നോടൊപ്പം നിര്‍ത്തുകയും ഭിക്ഷാടനത്തിലൂടെ അവരെ കൂടി പോറ്റുകയും ചെയ്തു. തന്റെ സ്വന്തം മകളോട് പക്ഷപാതം തോന്നുന്നത് ഒഴിവാക്കാനായി ആ കുട്ടിയെ അവര്‍ ശ്രീമന്ത് ദഗ്ദു സേഠ് ഹല്‌വായി എന്ന ട്രസ്റ്റിന് നല്‍കി.

അങ്ങനെ സംഭവബഹുലമായ ആ ഒറ്റയാള്‍ പട്ടാളത്തിന് തുടക്കിട്ടു. ഇപ്പോള്‍ സിന്ധുതായ് സപ്കല്‍ 1500ലധികം അനാഥരുടെ അമ്മയാണ്. അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളാണ് സിന്ധു എന്ന സാമൂഹ്യപ്രവര്‍ത്തകയെ പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയത്.

സിന്ധുവിനെ പണ്ട് ആളുകള്‍ പരിഹാസത്തോടെ വിളിച്ചിരുന്നത് ‘ചിന്തി’ എന്നാണ്. ചിന്തിയെന്നാല്‍ കീറത്തുണിയെന്നര്‍ത്ഥം. ആ കീറത്തുണി സംവല്‍സരങ്ങള്‍ക്കിപ്പുറം അനാഥര്‍ക്കായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ‘മായി’ അല്ലെങ്കില്‍ അമ്മ എന്ന് വിളിക്കപ്പെട്ടു. ഇന്ന് 250ഓളം മരുമക്കളും ആയിരത്തില്‍ പരം ചെറുമക്കളുമടങ്ങുന്ന വലിയ സന്തുഷ്ട കുടുംബമാണ് മായിയുടേത്. അവര്‍ വളര്‍ത്തിയ കുട്ടികളില്‍ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ തുടങ്ങി നിരവധി അഭ്യസ്തവിദ്യരുണ്ട്.

അവരില്‍ ചിലരും സിന്ധുതായിയുടെ സ്വന്തം മകളും അനാഥാലയങ്ങളും നടത്തുന്നു. സന്മതി ബാല്‍ നികേതന്‍ (ഹഡപ്‌സര്‍, പൂന), മമത ബാല്‍ സദന്‍ (കുംഭാര്‍വാലന്‍, സാസ്‌വാഡ്), മായിസ് ആശ്രം (ചിഖല്‍ദാര, അമരാവതി), അഭിമാന്‍ ബാല്‍ ഭവന്‍ (വാര്‍ധ) ഗംഗാധര്‍ ബാബ ഛത്രാലയ (ഗുഹ), സപ്തസിന്ധു മഹിളാ ആധാര്‍, ബല്‍സന്‍ഗോപന്‍ ആണി ശിക്ഷണ്‍ സംസ്ഥാ (പൂന) എന്നീ സ്ഥാപനങ്ങള്‍ സിന്ധുതായി നടത്തുന്നു.

കഥപോലുള്ള സിന്ധുവിന്റെ ജീവിതത്തില്‍ നമ്മുടെ മനസിനെ വല്ലാതെ പിടിച്ചുലച്ച ഒരു സംഭവമുണ്ടായി. സിന്ധുതായിയെ ആദരിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 2013ല്‍ ഉല്‍സവപ്രതീതിയുള്ള ഒരു ചടങ്ങ് സംഘടിപ്പിച്ചു. ഭര്‍ത്താവ് സിന്ധുവിനെ ഉപേക്ഷിച്ച ഗ്രാമത്തിലായിരുന്നു അത്. പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. അവശനായ ഒരാള്‍മാത്രം അവിടെ കൂനിക്കൂടിയിരിക്കുന്നു. സിന്ധു അയാളുടെ അരികിലെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായ സിന്ധുവിന്റെ അടിവയറ്റില്‍ ചവുട്ടി അവരെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ശ്രഹരി സപ്കലായിരുന്നു അത്.

ക്ഷമ ചോദിച്ച അയാളുടെ കണ്ണുകള്‍ പാപഭാരത്താല്‍ നിറഞ്ഞൊഴുകി. ക്രൂരനായ ഭര്‍ത്താവിനോട് സിന്ധു ഇപ്രകാരം പറഞ്ഞു…”അന്ന് എന്നെ ചവുട്ടിക്കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ എനിക്കാരുമില്ലായിരുന്നു. ഇന്ന് നിങ്ങളെ അനാഥനായി കാണുമ്പോള്‍ എനിക്കെല്ലാവരുമുണ്ട്. സ്‌നേഹത്തിന്റെ വലിയ ലോകത്തേയ്ക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഭാര്യയായിട്ടല്ല…അമ്മയായിട്ട്…” ശ്രീഹരി സപ്കല്‍ സിന്ധുവിനൊപ്പം പോയി. അഞ്ചുവര്‍ഷം ആ തണലില്‍ സുഖമായി ജീവിച്ചു. 2018ല്‍ ശ്രീഹരി മരണമടഞ്ഞു.

സ്വന്തം കുടുംബത്തിന്റെ അല്ലെങ്കില്‍ മറ്റുള്ളവരുടെ പിന്തുണയില്ലാതെ നമുക്ക് ഒന്നും ചെയ്യാനാവില്ലെന്ന് വിശ്വസിക്കുന്നവരെ തിരുത്തുകയാണ് തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ സിന്ധുതായി. ദുര്‍വിധിയെ പൊരുതിത്തോല്‍പ്പിച്ചവര്‍ക്ക്, ഭയമുള്ള സാഹചര്യങ്ങളെ അതിന്റെ എപ്പിസെന്ററിലെത്തി നേരിട്ടവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. നേടാനുള്ളതാകട്ടെ കെട്ടുറപ്പുള്ള പച്ചപിടിച്ച ജീവിതമാണ്.

പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ അസാധാരണമായ മനോബലമുള്ള ഈ മഹതിയെ ഓര്‍ക്കുക. ഒരിക്കല്‍ കരഞ്ഞുകരഞ്ഞ് കണ്ണീര്‍ വറ്റിയ സിന്ധുതായ് സപ്കലിന്റെ മുഖം ഇന്ന് പ്രസന്നമാണ്. ആത്മവിശ്വാസത്തിന്റെ ആ തെളിച്ചം രണ്ടാം ജന്‍മത്തിനുള്ള അമൃതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments