ലണ്ടന്‍: കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനില്‍ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേര് രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണ്. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണെങ്കിലും രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാത്തതും മരണനിരക്ക് ഇരുന്നൂറില്‍ താഴെത്തന്നെ സ്ഥിരമായി നില്‍ക്കുന്നതുമാണ് കോവിഡിന്റെ നാലാം തരംഗത്തില്‍ ആശ്വാസമേകുന്ന കാര്യം.
ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സീന് സ്വീകരിച്ചവരും ഇതില്‍തന്നെ പകുതിയോളം പേര്‍ക്ക് മൂന്നാമത്തെ ബുസ്റ്റര്‍ ഡോസ് നല്‍കാനായതുമാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ അകമ്പടിയോടെയുള്ള കോവിഡിന്റെ നാലാം വരവില്‍ ബ്രിട്ടനെ രക്ഷിച്ചു നിര്‍ത്തുന്നത്.
എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ആഴ്ചയോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോകാനുള്ള സാധ്യത ഏറെയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സ്ഥ്തിയിലേക്ക് വീണ്ടും രാജ്യം എത്തിച്ചേരുമെന്ന ആശങ്കയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിര്‍ദേശിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ഇതിന്റെ ഭാഗമായി പത്താം തിയതി മുതല്‍ ദിവസേന ഒരുലക്ഷത്തിലേറെ ക്രിട്ടിക്കല്‍ വര്‍ക്കര്‍മാര്‍ക്ക് ദിവസേന ലാറ്ററല്‍ ഫ്ലോ ടെസ്റ്റുകള്‍ നടത്തും. പൊതുഗതാഗതം. ഭക്ഷ്യസംസ്കരണം, അതിര്‍ത്തി രക്ഷാസേന, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ഡെലിവറി സര്‍വീസുകാര്‍ എന്നിവര്‍ക്കാകും ഇത്തരത്തില്‍ ദിവസേനയുള്ള ടെസ്റ്റുകള്‍ നടത്തുക. കൂടുതല്‍ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ആരംഭിക്കാനുള്ള തീരുമാനവും ബുധനാഴ്ചത്തെ കാബിനറ്റിലുണ്ടായേക്കും. ജീവനക്കാരുടെ അപര്യാപ്തത ആശുപത്രികളില്‍ ഏറെയാണെങ്കിലും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കുന്നുണ്ട്. പതിനാലായിരും പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി വിവിധ എന്‍എച്ച്എസ്. ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
യൂറോപ്പില്‍ ഫ്രാന്‍സ് ഉള്‍പ്പെടെ പലരാജ്യങ്ങളിലും സമാനമായ സ്ഥിതിവിശഷമാണ് നിലവിലുള്ളത്. പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത് ഫ്രാന്‍സാണ്. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ സര്‍വ റെക്കോര്‍ഡും ഭേദിച്ച് ഒമിക്രോണ്‍ ആഞ്ഞടിക്കുകയാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ രോഗികളായത് പത്തുലക്ഷത്തിലധികം പേരാണ്. ഇതില്‍ മഹാഭുരിപക്ഷവും ഒമിക്രോണ്‍ കേസുകളാണ്.
ഇത്രയേറെ കേസുകള്‍ ഉണ്ടായിട്ടും അനാവശ്യ ഭീതിയുയര്‍ത്തി, വിദേശത്തുനിന്നും വരുന്ന ജനങ്ങളെ തടങ്കലിലാക്കുന്ന പത്തും പതിനാലും ദിവസത്തെ ക്വാറന്റീനും ഗതാഗത നിയന്ത്രണങ്ങളും ബ്രിട്ടനിലില്ല. പകരം ബൂസ്റ്റര്‍ വാക്സിനേഷനിലൂടെ പ്രതിരോധമുയര്‍ത്തുകയാണ് രാജ്യം.