ഫോർട്ട് വർത്ത് കൊലപാതകങ്ങളുടെ നിഗൂഡ്ഡ രഹസ്യങ്ങളുറങ്ങുന്ന അമ്പതാണ്ട് പഴക്കമുള്ള സ്റ്റോൺഗേറ്റ് മാൻഷൻ പൊളിക്കുന്നു . ചുറ്റിനും പടർന്നു കിടക്കുന്ന മരങ്ങൾ മുറ്റത്താകെ നിഴൽ വിരിച്ച്, കാണുമ്പോൾ തന്നെ ഭീതിദ ഭാവം പകരുന്നുണ്ട് കുപ്രസിദ്ധമായ ഈ കെട്ടിടം .
സോഷ്യൽ മീഡിയ പേജുകളിൽ കെട്ടിടം പൊളിക്കൽ ആരംഭിച്ചതിനെകുറിച്ച് വെളിപ്പെടുത്തിയിരുന്നു. കെട്ടിടം ഇടിച്ചു നിരപ്പാക്കി റിട്ടയർമെന്റ് കമ്മ്യൂണിറ്റിയോ ഓഫീസ് കോംപ്ലക്‌സോ തുടങ്ങി പുതിയ വികസനപ്രവൃത്തിക്ൾക്ക് പദ്ധതിയിടുന്നതായി സ്ഥലത്തിന്റെ സഹ ഉടമ കൈൽ പൗൾസൺ ജൂലൈയിൽ വെളിപ്പെടുത്തിയിരുന്നു .
കോടീശ്വരനായ എണ്ണ വ്യാപാരി കുല്ലൻ ഡേവിസ് 1971-ൽ നിർമിച്ച ‘സ്റ്റോൺഗേറ്റ് മാൻഷൻ’ 1976 ൽ നടന്ന ഇരട്ടകൊലപാതകങ്ങളോടെയാണ് കുപ്രസിദ്ധമായത് . ഡേവിസിന്റെ ഉടമസ്ഥതയിലുള്ള മാൻഷനിൽ 1976 ഓഗസ്റ്റ് 2-ന് രാത്രിയാണ് മുൻ ടി സി യു ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായ മുപ്പതുകാരൻ സ്റ്റാൻ ഫാർ, ഡേവിസിന്റെ വളർത്തു മകൾ 12 വയസ്സുള്ള ആൻഡ്രിയ വിൽബോൺ എന്നിവർ കൊല്ലപ്പെട്ടത് .
ഫോർട്ട് വർത്തിന്റെ ഹൃദയഭാഗത്ത് നടന്ന ഏറ്റവും കുപ്രസിദ്ധമായ കേസുകളിൽ ഒന്നായിരുന്നു ഇത് . ഡേവിസുമായി വിവാഹമോചനം നേടിയിരുന്ന മുൻ ഭാര്യ പ്രിസില്ലയുടെ കാമുകനായിരുന്നു കൊല്ലപ്പെട്ട സ്റ്റാൻ ഫാർ. പ്രിസില്ലയ്ക്ക് നെഞ്ചിൽ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു , സുഹൃത്ത് ബുബ്ബ ഗാവ്‌റേലിനും വെടിയേറ്റിരുന്നെങ്കിലും രക്ഷപ്പെട്ടു. അതേ രാത്രി തന്നെ ഡേവിസിനെ അറസ്റ്റ് ചെയ്തു. പിന്നീട് വർഷങ്ങളോളം നീണ്ട വിചാരണയിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു .
താനുമായി ഡിവോഴ്സ് കഴിഞ്ഞ മുൻ ഭർത്താവ് ഡേവിസ് ആണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പ്രിസില്ല പറഞ്ഞത് പ്രകാരം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതകങ്ങൾ നടന്ന സമയം താൻ സിനിമാ തിയേറ്ററിലായിരുന്നെന്നും നിരപരാധിയാണെന്നും അദ്ദേഹം വാദിച്ചു. തുടർന്ന് വിചാരണക്കൊടുവിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഡിവോഴ്സ് നേടിയ സാഹചര്യത്തിൽ മുൻ ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ വാടക കൊലയാളിയെ നിയോഗിച്ചു എന്ന കുറ്റം ചുമത്തി 9
മാസത്തിന് ശേഷം ഡേവിസിനെ വീണ്ടും അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റവിമുക്തനാക്കി. ഈ കൊലപാതകങ്ങളുടെ പേരിൽ ഇതുവരെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും ദുരൂഹമായ കാര്യം.
ഓയിൽ ബിസിനസ് തകർന്നതിനെ തുടർന്ന് 1983 ൽ ഡേവിസിന് മാളിക വിട്ടിറങ്ങേണ്ടി വന്നു . നിലവിൽ 88 വയസുള്ള ഡേവിസ് ഈ കൊലപാതകങ്ങൾ നടത്തിയത് ആരെന്നത് സംബന്ധിച്ച് തനിക്കാരെയും സംശയമില്ലെന്നും പറയുന്നു .
4 വർഷമെടുത്തു നിർമിച്ച 2000 ചതുരശ്ര അടിയിൽ ഒരുക്കിയ മാസ്റ്റർ ബെഡ് റൂം , 5 കിടപ്പുമുറികൾ, 11 കുളിമുറികൾ എന്നിവയെല്ലാമായി 13,000 ചതുരശ്ര അടിയിൽ ഒരുക്കിയ ‘സ്റ്റോൺഗേറ്റ് മാൻഷൻ, ഡേവിസിന്റെ സ്വപ്നമായിരുന്നു. 250 ഏക്കറിനുള്ളിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത് . ആൽബർട്ട് കൊമാറ്റ്സു ആണ് കെട്ടിടം ഡിസൈൻ ചെയ്തത് .
“ഫോർട്ട് വർത്തിന് ചുറ്റുമുള്ള ആർക്കും കുല്ലൻ ഡേവിസിന്റെ സ്റ്റോൺഗേറ്റ് മാൻഷൻ ശരിക്കും പരിചിതമായിരിക്കും ,” കൈൽ പൗൾസൺ പറഞ്ഞു.
കേസ് നടക്കുന്ന കാലത്ത് ഡേവിസ് ഏറെ സമ്പന്നനായതിനാൽ പ്രശസ്ത അഭിഭാഷകൻ ഹെയ്ൻസ് ആണ് അദ്ദേഹത്തിന് വേണ്ടി കേസ് നടത്തിയിരുന്നത് .
“നരകം പോലെ തോന്നുന്നു,” എന്നാണ് അടുത്ത നാളിൽ, മാൻഷനിലെ വിശാലമായ പൂൾ ഏരിയയിൽ നിന്നു ഒരിക്കൽ കൂടി തന്റെ പ്രിയ സൗധം നോക്കിക്കണ്ട ഡേവിസ് പറഞ്ഞത് . മാൻഷൻ വിട്ട് പോയതിന് ശേഷം ആദ്യമായായിരുന്നു അദ്ദേഹം ഇവിടെ എത്തുന്ന്ത്.
കൊലപാതകങ്ങൾക്ക് ശേഷം, ഈ മാളിക പിന്നീട് റെസ്റ്റോറന്റ്, പള്ളി , വിവാഹ വേദി എന്നിങ്ങനെയൊക്കെ ഉപയോഗിക്കപ്പെട്ടു.