കൊച്ചി: മേയ് നാലിനുശേഷം 44 ദിവസത്തിനിടെ 25ാമത്തെ ഇന്ധന വിലവര്‍ധനയിലൂടെ ജനത്തെ പിഴിഞ്ഞ് സര്‍ക്കാറും എണ്ണക്കമ്പനികളും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയരാതിരുന്ന ഇന്ധനവില ശേഷം കുതിച്ചുകയറുകയായിരുന്നു. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.70 രൂപയായി. ഡീസലിന് 93.93 രൂപ. എറണാകുളത്ത് യഥാക്രമം 96.82, 92.16 എന്നിങ്ങനെയാണ് വില. കോഴിക്കോട് 97.13, 92.48 എന്നിങ്ങനെയും. വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ എണ്ണവില 100 പിന്നിട്ടിരുന്നു.
ഒരുമാസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 4.08 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 4.41 രൂപയും. എല്ലാ ജില്ലയിലും രണ്ടുദിനം മുമ്പേ പ്രീമിയം പെട്രോള്‍ വില 100 കടന്നു. അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണവിലയും ഉയരുകയാണ്. യു.എസ് കരുതല്‍ ശേഖരം കുറഞ്ഞതും ഇറാന്‍ ഉപരോധം നീളുന്നതും ചൈനയില്‍നിന്ന് ഡിമാന്‍ഡ് വര്‍ധിച്ചതും ക്രൂഡോയില്‍ വിലവര്‍ധനക്ക് കാരണമായെന്ന് പറയപ്പെടുന്നു. ബ്രെന്‍റ് ഇനത്തിന് വീപ്പക്ക് 74.68 ഡോളര്‍ (5473.15 രൂപ) വരെ ബുധനാഴ്ച കയറി.
പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസല്‍ വിലയുടെ 54 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രസര്‍ക്കാര്‍ ഒരുലിറ്റര്‍ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയും എക്‌സൈസ് നികുതിയായി ഈടാക്കുന്നു. സംസ്ഥാനങ്ങളില്‍ പെട്രോളിന് വാറ്റ് നികുതിയായി 21.81 രൂപയും ഡീസലിന് 12.5 രൂപയുമാണ് ചുമത്തുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡോയിലിന്‍െറ 15 ദിവസത്തെ ശരാശരി വിലയും വിനിമയ നിരക്കും അളവുകോലാക്കിയാണ് ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നു.