അനില്‍ ആറന്‍മുള
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ജനപ്രിയ വാര്‍ത്താ മാധ്യമായ ‘നേര്‍ക്കാഴ്ച’യുടെ കുടുംബസംഗമം ആശംസകളുടെയും ആശീര്‍വാദങ്ങളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷ രാവായി.
നേര്‍കാഴ്ചയുടെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഒത്തുകൂടിയ ഫാമിലി നൈറ്റ് അമേരിക്കയിലെ മുന്‍നിര പത്രപ്രവര്‍ത്തകരുടെ സംഗമവേദികൂടി ആയപ്പോള്‍ ഈ കൂട്ടായ്മയ്ക്ക് പകിട്ടേറി.
മിസോറി സിറ്റിയിലെ തനിമ റെസ്റ്റാറ്റാന്റില്‍ ജൂണ്‍ 19 ശനിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ച പരിപാടികള്‍ റവ. ഫാ. ഡെസ്മണ്ട് ഡാനിയേലിന്റെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. കേരള റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്ന് സ്വാഗതം ആശംസിച്ച സൗഹൃദ കൂട്ടായ്മയില്‍ ഇന്ത്യാ പ്രസ്‌ക്‌ളബ് മുന്‍ പ്രസിഡന്റും മലയാളംപത്രം എഡിറ്ററുമായിരുന്ന ടാജ് മാത്യു (ന്യുയോര്‍ക്) മുഖ്യാതിഥിയായിരുന്നു.
നേര്‍കാഴ്ചയുടെ വളര്‍ച്ച അമേരിക്കയിലെ മുഴുവന്‍ പത്രപ്രവര്‍ത്തകര്‍ക്കും അഭിമാനകരം ആണെന്നും തന്റെ എല്ലാ സഹായസഹകരണങ്ങളും എന്നും ഉണ്ടാകുമെന്നും ടാജ് മാത്യു പറഞ്ഞു. മലയാള മനോരമ കോട്ടയം യൂണിറ്റില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ടാജ്, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രഫഷണലിസം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നേര്‍കാഴ്ചയ്ക്ക് നല്‍കി. അത് ഹൂസ്റ്റണില്‍ ചുവട് ഭദ്രമാക്കിക്കൊണ്ട് അമേരിക്ക മുളുവന്‍ വ്യാപിക്കാനുള്ള വളമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിശേഷാതിഥി ആയിരുന്ന ഹെറാള്‍ഡ് ഫിഗറാഡോ (ചിക്കാഗോ) പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ തന്‍ നേര്‍കാഴ്ചയുടെ സഹയാത്രികനാണെന്നും തുടര്‍ന്നും നേര്‍കാഴ്ചയോടൊപ്പം ഉണ്ടാവുമെന്നും അറിയിച്ചു. നിരവധി സംഘടനകളുടെ ഭാരവാഹിയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും സഞ്ചാരിയുമായ ഹെറാള്‍ഡ് ഫിഗറോഡോ 43 വര്‍ഷമായി ചിക്കാഗോയില്‍ താമസിക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന വ്യക്തിത്വമായ അദ്ദേഹത്തെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന നേര്‍കാഴ്ച എളിയ തുടക്കത്തില്‍ നിന്നും അഭൂതപൂര്‍വമായ ഈ വളര്‍ച്ചയുടെ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതില്‍ അഭിമാനവും ചാരിതാര്‍ഥ്യവുമുണ്ടെന്നും നേര്‍കാഴ്ചയുടെ വളര്‍ച്ചക്ക് കാരണക്കാരായ വായനക്കാരോടും അമേരിക്കയിലെമ്പാടുമുള്ള വ്യവസായപ്രമുഖരോടുമുള്ള നന്ദിയും കടപ്പാടും താന്‍ രേഖപ്പെടുത്തുകയാണെന്നും ചീഫ് എഡിറ്റര്‍ സൈമണ്‍ വാളച്ചേരില്‍ പറഞ്ഞു. നേര്‍കാഴ്ച അമേരിക്കയിലെ മലയാളം പ്രിന്റ് മീഡിയകളില്‍ ഒന്നാം സ്ഥാനത്തും നേര്‍കാഴ്ച ഓണ്‍ലൈന്‍ അമേരിക്കന്‍ മലയാള മാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം അറിയിച്ചു.
ഇടതും വലതും നീലയും ചുവപ്പും ഇല്ലാത്ത നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനമാണ് നേര്‍കാഴ്ച നടത്തുന്നതെന്നും ഗോസിപ്പുകള്‍ക്കും മസാല വാര്‍ത്തകള്‍ക്കും ഇതില്‍ സ്ഥാനമില്ലെന്നും വ്യവസായ പ്രമുഖനും നേര്‍കാഴ്ച പേട്രനുമായ ജോസഫ് മില്ലില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് സംസാരിച്ച നേര്‍കാഴ്ച ചെയര്‍മാന്‍ രാജേഷ് വര്‍ഗീസ് അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ മാസം വരെ തുടരുമെന്നും ഇന്ത്യയിലും അമേരിക്കയിലും ലഭിക്കാവുന്ന എല്ലാ നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നേര്‍കാഴ്ച ഒന്നാം സ്ഥാനത്തു എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഈ ഐ.ടി വിപ്ലവകാലത്ത് നേര്‍കാഴ്ച ഒരു ആപ്ലിക്കേഷന്‍ തന്നെ ആയി മുറുന്ന കാലം വിദുരമല്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
മലയാളംപത്രം മാനേജിങ് എഡിറ്ററായിരുന്ന ജേക്കബ് റോയ് (ന്യൂയോര്‍ക്) അമേരിക്കയിലെ പ്രസിദ്ധികരണങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി തന്നെ സംസാരിക്കുകയും നേര്‍കാഴ്ചക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഓരോ രക്തസാക്ഷികളില്‍ നിന്നാണ് പുതിയ ജന്‍മങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ മലയാളംപത്രം നിന്നപ്പോള്‍ നേര്‍കാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് എന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജേക്കബ് റോയി പറഞ്ഞു.
മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ പിള്ള, ഇന്ത്യ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശങ്കരന്‍ കുട്ടി, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്മാരായ പൊന്നു പിള്ള, ജോഷ്വാ ജോര്‍ജ്, മൈസൂര്‍ തമ്പി, തോമസ് ചെറുകര, ജോസഫ് കെന്നഡി, എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആയ എ.സി ജോര്‍ജ്, പി.പി ചെറിയാന്‍, ജീമോന്‍ റാന്നി, ഈശോ ജേക്കബ്, സജി പുല്ലാട്, മോട്ടി മാത്യു, ടോം വിരിപ്പന്‍, റെജി ജോണ്‍ എന്നിവര്‍ നേര്കാഴ്ചക്കു ആശംസകള്‍ നേര്‍ന്നു.
നേര്‍കാഴ്ച ഓപ്പറേഷന്‍സ് മാനേജര്‍ റെനി കവലയില്‍ നന്ദി രേഖപ്പെടുത്തി. അസ്സോസിയേറ്റ് എഡിറ്റര്‍ അനില്‍ ആറന്മുള മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.