Saturday, July 27, 2024

HomeCrimeവിസ്മയയുടെ ആത്മഹത്യ; ഭര്‍ത്താവ് കിരണിനെ സസ്‌പെന്‍ഡ് ചെയ്തു

വിസ്മയയുടെ ആത്മഹത്യ; ഭര്‍ത്താവ് കിരണിനെ സസ്‌പെന്‍ഡ് ചെയ്തു

spot_img
spot_img

കൊല്ലം: ശാസ്താംകോട്ടയിലെ അമ്പലത്തുംഭാഗത്ത് വിസ്മയ (24) ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കിരണ്‍ കുമാറിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന് നേരിട്ടോ അല്ലാതെയോ കാരണക്കാരായ എല്ലാവരെയും പ്രതിയാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

കൊല്ലം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ നിന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് സസ്‌പെന്‍ഷന്‍ നടപടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ വി നായരുടെ മരണം. ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തിന് പിന്നാലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയെ കണ്ടെത്തുകയായിരുന്നു.

സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത സംഭവമായതുകൊണ്ട് തന്നെ കിരണിനെതിരെ വകുപ്പ് നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ആറ് മാസക്കേത്താക്കാണ് കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ കണ്ടെത്തല്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. വിഷയം ചര്‍ച്ചയായതിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടന്നത്.

അതേസമയം, വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരുന്നു.

വിസ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ കിരണ്‍ കുമാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം മര്‍ദിച്ചിട്ടില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അന്ന് രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ ശുചിമുറയില്‍ കയറി കതകടത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ശുചിമുറിയില്‍ പോയി 20 മിനുട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ട് പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കിരണിന്റെ അമ്മയും തന്റെ മകളെ ക്രമിക്കാറുണ്ടെന്ന് വിസ്മയയുടെ മാതാവ് ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് തലേ ദിവസം കിരണിന്റെ സഹോദരി വീട്ടിലെത്തിയതായും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ കിരണിന്റെ കുടുംബത്തേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

മര്‍ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments