Wednesday, February 5, 2025

HomeMain Storyകാര്‍ഷിക നിയമങ്ങളെ ഭൂരിപക്ഷം സംഘടനകളും പിന്തുണച്ചു; സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ട്

കാര്‍ഷിക നിയമങ്ങളെ ഭൂരിപക്ഷം സംഘടനകളും പിന്തുണച്ചു; സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: വിവാദ കൃഷിനിയമങ്ങള്‍ കര്‍ഷകര്‍ക്കു ഗുണപരമായിരുന്നെന്നും ഭൂരിപക്ഷം കര്‍ഷക സംഘടനകളും അതിനെ അനുകൂലിച്ചെന്നും വ്യക്തമാക്കി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്.

നിയമങ്ങള്‍ റദ്ദാക്കരുതെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ക്ഷേത്കാരി സംഘടന്‍ അധ്യക്ഷനും സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ അംഗവുമായിരുന്ന അനില്‍ ഘന്‍വത് ആണ് പുറത്തുവിട്ടത്.

കര്‍ഷക സമരം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. സമിതി റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ സുപ്രീം കോടതി അതു പരസ്യമാക്കിയിരുന്നെങ്കില്‍ പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്ന് ഘന്‍വത് പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ അത് ഉപകരിച്ചേനെയെന്ന് ഘന്‍വത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 19നു നല്‍കിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് പലവട്ടം കോടതിക്കു കത്തു നല്‍കിയതാണെന്നും മറുപടി ഇല്ലാതിരുന്നതു കൊണ്ടാണ് ഇപ്പോള്‍ ഇതു പുറത്തുവിടുന്നതെന്നും ഘന്‍വത് പറഞ്ഞു. നിയമങ്ങള്‍ റദ്ദാക്കപ്പെട്ടതിനാല്‍ ഇനി ഇതിനു പ്രസക്തിയില്ലെങ്കിലും ഭാവിയില്‍ നയരൂപീകരണങ്ങളെ റിപ്പോര്‍ട്ട് സഹായിക്കുമെന്നു ഘന്‍വത് പറഞ്ഞു.

വിവാദമായ നിയമങ്ങളെ ഭൂരിപക്ഷം കര്‍ഷക സംഘടനകളും പിന്തുണച്ചെന്നു റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. 266 സംഘടനകളുമായി സമിതി ബന്ധപ്പെട്ടിരുന്നു. സമിതിക്കു മുന്‍പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച 73 കര്‍ഷക സംഘടനകളില്‍ 61 എണ്ണവും കൃഷിനിയമങ്ങളെ പിന്തുണച്ചു. 4 സംഘടനകള്‍ എതിര്‍ത്തു. 7 സംഘടനകള്‍ ഭേദഗതി ആവശ്യപ്പെട്ടു. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയെന്ന പേരില്‍ സമരം നടത്തിയ 40 കര്‍ഷക സംഘടനകള്‍ സമിതിക്കു മുന്നില്‍ ഹാജരായില്ല.

2020 ജൂണില്‍ പ്രാബല്യത്തില്‍ വന്ന അവശ്യസാധന നിയമ ഭേദഗതി, കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ നിയമം, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നിവയ്‌ക്കെതിരെ ആ വര്‍ഷം നവംബര്‍ മുതലാണു കര്‍ഷക സംഘടനകള്‍ സമരം തുടങ്ങിയത്. 2021 നവംബറില്‍ നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചു.

കൃഷിനിയമങ്ങളെ പിന്തുണയ്ക്കുന്നതാണ് റിപ്പോര്‍ട്ടെങ്കിലും കുറഞ്ഞ താങ്ങുവില (എംഎസ്പി) നിയമപരമാക്കാനുള്ള സ്വാതന്ത്ര്യം അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്നതുള്‍പ്പെടെ മാറ്റങ്ങള്‍ നിയമത്തില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമിതിയെ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ അംഗങ്ങളെല്ലാം നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments