തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സി.ബി മാത്യൂസും ആര്‍.ബി ശ്രീകുമാറും അടക്കമുള്ളവര്‍ പ്രതികളെന്ന് സി.ബി.ഐ. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേരള പോലീസും ഐബി ഉദ്യോഗസ്ഥരുമടക്കം 18 പേരെയാണ് ഗൂഢാലോചന കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.
പേട്ട സി.ഐ ആയിരുന്ന എസ് വിജയന്‍ ആണ് കേസിലെ ഒന്നാം പ്രതി. എസ്.ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആര്‍. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നമ്പി നാരായണനെ അടക്കം കേസില്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയ്യാറാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചാരക്കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയുമുണ്ടായി. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.