Monday, December 23, 2024

HomeAmericaകാരുണ്യത്തിന്റെ കരസ്പർശവുമായി മാപ്പ് ചാരിറ്റി വീണ്ടും

കാരുണ്യത്തിന്റെ കരസ്പർശവുമായി മാപ്പ് ചാരിറ്റി വീണ്ടും

spot_img
spot_img

ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏഴംകുളം പഞ്ചായത്തിൽ, കഴിഞ്ഞ 5 വർഷങ്ങളായി കിഡ്നി സംബന്ധമായ ചികിത്സയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന രതീഷ് നായർ എന്ന 36 വയസ്സുകാരന് ആവശ്യമായ സാമ്പത്തിക സഹായം മാപ്പ് കൈമാറി.

മാപ്പ് കമ്മറ്റി മെമ്പർ സോബി ഇട്ടിയെ മാപ്പ് നേതൃത്വം ഏൽപ്പിച്ച തുകയുമായി രതീഷിന്റെ ഏഴംകുളത്തുള്ള ഭവനത്തിൽ എത്തുകയും, ആ തുക ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ലിജി ഷാജിയും സോബി ഇട്ടിയും ചേർന്ന് രതീഷിന് കൈമാറുകയും ചെയ്തു.

സർക്കാരിൽ നിന്ന് കിട്ടിയ 3 സെൻറ് സ്ഥലത്തെ ചെറിയ ഒരു വീട്ടിൽ കഴിയുന്ന രതീഷും ഭാര്യയും ഒരു മകളും അടങ്ങിയ കുടുംബത്തിലെ ഏക വരുമാനം രതീഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ ശമ്പളമായിരുന്നു. ഇപ്പോൾ അതിനും പോകാൻ പറ്റാത്ത സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ലിജി ഷാജി തയ്യാറാക്കിയ സാക്ഷ്യപത്രത്തോടുകൂടിയ അപേക്ഷ മാപ്പ് ചാരിറ്റി ചെയർമാൻ സന്തോഷ് ഏബ്രഹാമിന് ലഭിക്കുകയും, മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടിയുടെയും, സെക്രട്ടറി ജോൺസൺ മാത്യുവിന്റേയും, ട്രഷറാർ കൊച്ചുമോൻ വയലത്തിന്റെയും മറ്റ് കമ്മറ്റിക്കാരുടെയും നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകുവാനുള്ള തീരുമാനമെടുക്കുകയുമാണ് ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടിൽ വലഞ്ഞ ഈ കുടുംബത്തിന് ലഭിച്ച ഈ സാമ്പത്തിക സഹായം വിലമതിക്കാനാവാത്തതാണെന്നും, തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും പിറന്ന നാടിനെയും കൂടപ്പിറപ്പുകളുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹവും മാതൃകാപരവുമാണെന്നും വാർഡ് മെമ്പർ ലിജി ഷാജി പറഞ്ഞു. മാപ്പിനും അതിന്റെ നേതൃത നിരയിലുള്ളവർക്കും മറ്റ് എല്ലാ മാപ്പ് കുടുംബാംഗങ്ങൾക്കും രതീഷും കുടുംബവും നന്ദി രേഖപ്പെടുത്തി.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഒ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments