ന്യൂഡല്‍ഹി: കരസേനയുടെ 29ാമത് മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറല്‍ എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെ നിയമിതനായത്.
കാലാവധി പൂര്‍ത്തിയാക്കി നരാവനെ ഇന്ന് പടിയിറങ്ങുകയാണ്. എഞ്ചിനീയറിംഗ് വിഭാഗത്ത് നിന്ന് കരസേനാ മേധാവിയായി എത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥന്‍ കൂടിയാണ് മനോജ് പാണ്ഡെ.
സേനയിലെ ഏറ്റവും മുതിര്‍ന്ന ലെഫ്റ്റനന്റ് എന്ന നിലയിലാണ് അടുത്ത കരസേനാ മേധാവിയായി പാണ്ഡെയെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഫെബ്രുവരി 1ന് സേനയുടെ ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സിക്കിം, അരുണാചല്‍ പ്രദേശ് മേഖലകളിലെ നിയന്ത്രണ രേഖകള്‍ (ലൈന്‍ ഒഫ് കണ്‍ട്രോള്‍) സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിന്റെ തലവനായിരുന്നു ജനറല്‍ പാണ്ഡെ. മേയ് 6ന് അറുപത് വയസ് തികയുകയാണ് ജനറലിന്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് ജനറല്‍ പുതിയ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്