പത്തനംതിട്ട: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പി ബി അംഗം ബൃന്ദ കാരാട്ട്.
മോദി സര്‍ക്കാരിന്റെ അടയാളമായി ബുള്‍ഡോസര്‍ മാറിയെന്ന് അവര്‍ വിമര്‍ശിച്ചു. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. ഭരണഘടന, മൗലീകാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍കൊണ്ട് തകര്‍ക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. ന്യൂനപക്ഷങ്ങളോടുള്ള ബി ജെ പി സര്‍ക്കാരിന്റെ സമീപനമാണ് തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കണ്ടതെന്നും സി പി എം നേതാവ് ആരോപിച്ചു.
സാധാരണ ജനങ്ങളുടെ കെട്ടിടങ്ങളാണ് ബുള്‍ഡോസള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. അംബാനിയുടെയോ അദാനിയുടെയോ അല്ല. മത ആഘോഷങ്ങള്‍ സമത്വവും സമാധാനവും ഉള്‍പ്പെടെയുള്ള സന്ദേശമാണ് ഉയര്‍ത്തേണ്ടത്. എന്നാല്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ എട്ട് സംസ്ഥാനങ്ങളില്‍ മുസ്ലിം ജനവിഭാഗങ്ങളെ ആക്രമിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്തത്. സ്ത്രീകളും വിധവകളും ഉള്‍പ്പെടെയുള്ളവര്‍ രാവും പകലും അധ്വാനിച്ച് ഉണ്ടാക്കിയ വീടുകള്‍ ആണ് ജഹാംഗീര്‍പുരിയില്‍ തകര്‍ത്തത്.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ട രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്.മനുവാദ, ഹിന്ദുത്വ ആശയങ്ങളാണ് ബി ജെ പി നടപ്പാക്കുന്നത്. കേരളത്തില്‍ ബിജെപി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നേതൃത്വത്തെ കാണുകയും പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം ആക്രമിക്കപ്പെടുകയാണ്. മധ്യപ്രദേശിലും കര്‍ണാടകയിലും ബി ജെ പി മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസും ഇതിനെല്ലാം അനുവാദം നല്‍കുകയാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, സെല്‍ ഇന്ത്യയാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് വിറ്റുതുലക്കുകയാണ്. നിര്‍മാണമല്ല, വില്‍പ്പനയാണ് ഇന്ത്യയില്‍ നടക്കുന്നത്. റെയില്‍വേ, എയര്‍ ഇന്ത്യ എന്നിവ ഉദാഹരണങ്ങളാണ്. ഡി വൈ എഫ് ഐ പോലുള്ള സംഘടനകള്‍ മാത്രമാണ് ഇതിനെതിരായി പ്രതികരിക്കുന്നത്. അംബാനിയും അദാനിയും ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
10000 രൂപപോലും മാസവരുമാനം ഇല്ലാത്ത കുടുംബങ്ങളാണ് രാജ്യത്ത് അധികവും. അവിടെയാണ് ദിവസം പതിനായിരം കോടി ഈ കോര്‍പ്പറേറ്റുകള്‍ ലാഭമുണ്ടാക്കുന്നത്. പുരോഗമന കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആര്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ ആക്രമണങ്ങളെ ശക്തമായി നേരിട്ടുകൊണ്ടാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തിക്കുന്നത്. ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.