ഗ്വാളിയോര്‍: ജീവനാംശ നടപടിക്രമങ്ങള്‍ ഫലപ്രദമായി തീര്‍പ്പാക്കുന്നതിനായി ശമ്ബള സ്ലിപ് ഹാജരാക്കാന്‍ ഭര്‍ത്താവിന് നല്‍കിയ അവസരം അയാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതായി പറയാനാവില്ലെന്ന് മധ്യപ്രദേശ് ഹൈകോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് നിരീക്ഷിച്ചു. അത്തരമൊരു നടപടിയില്‍ ശമ്ബള സ്ലിപ് ഹാജരാക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ സ്വകാര്യത ലംഘിക്കുന്നതിന് തുല്യമല്ലെന്നും ജസ്റ്റിസ് ജി എസ് അലുവാലിയയുടെ ബെഞ്ച് നിരീക്ഷിച്ചു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും പ്രതിമാസം 18,000 രൂപ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനോട് ഗ്വാളിയോറിലെ കുടുംബകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അയാള്‍ അത് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ശമ്ബള ഘടന സംബന്ധിച്ച സമര്‍പണത്തിന് കൃത്യമായ രേഖകള്‍ ഹാജരാക്കി മറുപടി നല്‍കാന്‍ കോടതി ഭര്‍ത്താവിനോട് നിര്‍ദേശിച്ചു.
കോടതി ഉത്തരവില്‍ ഭര്‍ത്താവ് മറുപടി നല്‍കിയെങ്കിലും ശമ്ബള സ്ലിപ് നല്‍കിയില്ല. ജീവനാംശ നടപടികളില്‍ ശമ്ബള സ്ലിപ് ഹാജരാക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ ആര്‍ടികിള്‍ 21 പ്രകാരം നല്‍കുന്ന പരിരക്ഷയ്ക്ക് വിരുദ്ധമാകുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വാദിച്ചു. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ടികിള്‍ 20നെയും കൂട്ടുപിടിച്ച് തനിക്കെതിരെ തെളിവ് നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുപ്രീം കോടതിയുടെ ചില വിധികളെ പരാമര്‍ശിച്ചുകൊണ്ട്, ഒരു കക്ഷിയുടെ സാമ്ബത്തിക സ്ഥിതി തീരുമാനവുമായി ബന്ധപ്പെട്ട കേസുകളില്‍, അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ അന്തിമ വാദം ജൂണ്‍ അവസാന ആഴ്ചയില്‍ നടക്കും