ന്യൂഡല്‍ഹി: ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് ലിസി അച്ചന്‍കുഞ്ഞിന് 2021ലെ ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം. ഐ.ടി.ബി.പി റിട്ട. ഇന്‍സ്‌പെക്ടർ കൊല്ലം നെടുമ്പന മുതിരവിള വീട്ടില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യയാണ്.
ലോക നഴ്‌സ് ദിനമായ മേയ് 12ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.
യു.എൻ സമാധാന സംഘത്തിന്റെ ഭാഗമായി കോംഗോയിലും ലിസി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡയിലെ കേന്ദ്ര സായുധ പൊലീസ് സേന ആശുപത്രിയിലാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്.
കോവിഡ് കാലയളവില്‍ നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനങ്ങള്‍ ഏകോപിപ്പിച്ച് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. മക്കള്‍: അരുണ്‍, ഗ്രീഷ്മ. മരുമകന്‍: ഡെയ്ന്‍ തോമസ്.