ന്യൂഡല്‍ഹി: ട്വിറ്റര്‍ പേജില്‍ നല്‍കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റര്‍ തന്നെ പിന്‍വലിച്ചു. ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിനെതിരെ സര്‍കാര്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് ട്വിറ്റര്‍ തന്നെ ഭൂപടം നീക്കിയത്.
ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്‍ഡ്യയുടെ ഭൂപടം തെറ്റായി ട്വിറ്റര്‍ പേജില്‍ വന്നത്. ട്വിറ്റര്‍ പേജില്‍ നല്‍കിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്‍ഡ്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം നീക്കിയതിന് ശേഷം ട്വിറ്റര്‍ തങ്ങള്‍ക്ക് പറ്റിയ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ട്വിറ്ററും കേന്ദ്ര സര്‍കാരും തമ്മിലുള്ള പോര് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അകൗണ്ട് ലോക് ചെയ്യുന്നതില്‍ വരെ എത്തിയിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്പാണ് ഇന്‍ഡ്യയുടെ ഭൂപടം തെറ്റിച്ചു എന്ന വിവാദം ഉയര്‍ന്നത്.
അതിനിടെ പരാതികള്‍ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരികന്‍ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സര്‍കാര്‍ നിലപാട് കടുപ്പിക്കുകയാണ്.
ചട്ടം അനുസരിച്ച് ഇന്‍ഡ്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്. ട്വിറ്റര്‍ നിയമിച്ച ഇന്‍ഡ്യക്കാരനായ ഉദ്യോഗസ്ഥന്‍ രാജിവെച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമേരികന്‍ പൗരനെ ട്വിറ്റര്‍ നിയമിച്ചത്.