Wednesday, June 19, 2024

HomeColumnsസത്രീധന പീഡന ശാപത്തിന്റെ നൊമ്പരത്തിപ്പൂവായി വിസ്മയ

സത്രീധന പീഡന ശാപത്തിന്റെ നൊമ്പരത്തിപ്പൂവായി വിസ്മയ

spot_img
spot_img

പി.പി ചെറിയാന്‍

വിസ്മയ, പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട ഇളം മുകുളം. കേരളത്തില്‍ സമീപകാലത്തു അങ്ങോളമിങ്ങോളം വര്‍ധിച്ചുവരുന്ന അതി ക്രൂരമായ സ്ത്രീധന പീഡന കേസുകളിലെ ജീവന്‍ ഹോമിക്കപ്പെടേണ്ടിവന്ന നിരവധി നിരപരാധികളും നിരാലംബരുമായ സ്ത്രീകളില്‍ അവസാനത്തെ ഇര.

വിസ്മയുടെ മരണത്തിനു ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത് സമൂഹത്തില്‍ ഏതുവിധേനെയും സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ്. ദുഖകരകമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് മനുഷ്യമനസാക്ഷിയില്‍ നടുക്കം ഉളവാക്കുന്നതാണ് .

മുപ്പിരി ചരടില്‍ സുദൃഢമാക്കപെടേണ്ട കുടുംബബന്ധങ്ങള്‍ ചീ ട്ടുകൊട്ടാരംപോലെ അനുദിനം തകര്‍ന്നടിയുന്ന ആധുനിക കാലഘട്ടിലൂടെയാണ് ഇന്നു നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പാശ്ചാത്യപൗരസ്ത്യ ഭേദമെന്യേ എല്ലാ രാജ്യങ്ങളിലും സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമോ ആത്മഹത്യയോ വിവാഹമോചനമോ ഒരു മാറാവ്യാധിയായി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നു.

ഭാര്യ ഭര്‍ത്തൃബന്ധങ്ങളില്‍ പ്രകടമാകുന്ന സ്വാര്‍ത്ഥതയും തന്‍മനോഭാവവും പണത്തോടുള്ള അടങ്ങാത്ത ആവേശവും സുദൃഢമായ കുടുംബബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.

സ്ത്രീ പൂര്‍ണ്ണമായും തനിക്ക് വിധേയയാണെന്ന പുരുഷന്റെ പരമ്പരാഗത വിശ്വാസവും, പുരുഷനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ കണ്ണമടച്ചു വിശ്വസിക്കേണ്ടതില്ല എന്ന സ്ത്രീയുടെ പുരോഗമന കാഴ്ചപ്പാടും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനന്തരഫലമാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങളില്‍ കലാശിക്കുന്നത്.

വൈകാരിക പൊരുത്തവും, ശാരീരിക ആകര്‍ഷണത്വവും കൊണ്ട് മാത്രമല്ല, ത്യാഗവും, വിശ്വസ്തയും, അര്‍പ്പണ മനോഭാവവും ജീവിതത്തില്‍ സ്വായത്തമാക്കി ഭാര്യഭര്‍ത്തൃബന്ധം സുദൃഢമാക്കണമെന്ന ആത്മാര്‍ത്ഥശ്രമം ഇരുഭാഗത്തുനിന്നും തികച്ചും അന്യമായിരിക്കുന്നു.

രണ്ടു വ്യക്തികള്‍ തമ്മില്‍ സ്‌നേഹം പൂര്‍ണ്ണമാക്കപ്പെടുന്നത്, രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങള്‍ പൂര്‍ണ്ണമായും സമന്വയിക്കുമ്പോള്‍ മാത്രമാണെന്നുള്ള അടിസ്ഥാന പ്രമാണം പോലും പരസ്യമായി ലംഘിക്കപ്പെടുന്നുവെന്നതാണ് ഇത്തരം സംഭവങ്ങളിലേക്കു നയിക്കപ്പെടുന്ന ചില കാരണങ്ങള്‍.

സ്ത്രീധന പീഡനങ്ങളെക്കാള്‍ പതിമടങ്ങാണു വിവാഹ മോചനാമെന്നതും എവിടെ വിസ്മരിക്കാവുന്നതല്ല വിവാഹമോചനത്തിനു കോടതിയില്‍ എത്തുന്ന ഭൂരിപക്ഷം കേസ്സുകളുടെയും അടിസ്ഥാനം സാമ്പത്തികമാണ്. സ്ത്രീധനം, കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ പണം എന്നിവ ആവശ്യപ്പെട്ട് കോടതികളില്‍ വിവാഹമോചന കേസ്സുകള്‍ കുമിഞ്ഞുകൂടുന്നു.

കുടംബത്തോട് ഉത്തരവാദിത്വമില്ലാതെ മദ്യപാനത്തിനും, മയക്കുമരുന്നിനും അടിമയായി ജീവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു.

സംശയരോഗം എന്ന സാഹചര്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള കഴിവുകേട്, അതോടെ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍, കുടുംബ ബന്ധം പരിശുദ്ധമാണെന്ന മൂല്യബോധം നഷ്ടപ്പെടല്‍, പരപുരുഷ ബന്ധത്തോടുള്ള സ്ത്രീ താല്പര്യം, പരസ്ത്രീ ബന്ധത്തോടുള്ള പുരുഷതാല്പര്യം, ലൈംഗീക ജീവിതത്തിന്റെ താളപിഴകള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ വിവാഹ മോചനത്തിലേക്ക് നയിക്കുന്നു.

ആധുനിക മനുഷ്യന്‍ അനുനിമിഷം പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കൂടുതല്‍ അധഃപതനത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നുവെന്നത് നിഷേധിക്കപ്പെടാനാവാത്ത യാഥാര്‍ത്ഥ്യമാണ്. കുടുംബ ബന്ധങ്ങളുടെ പരിപാവനത നഷ്ടപ്പെടുന്നത്.

ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ നല്ലൊരു ശതമാനം അപരിഷ്‌കൃത സംസ്‌ക്കാരത്തിന്റെ ഇരകളായി മാറുന്നത് നമ്മുടെ കണ്‍മുമ്പില്‍ നാം കാണുമ്പോള്‍ ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബബന്ധ പശ്ചാത്തലത്തില്‍ വളര്‍ന്നു വരുന്ന തലമുറ സമൂഹത്തിന് മാതൃകയാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് എന്ന് പറയാതിരിക്കുവാന്‍ സാധ്യമല്ല.

വിവാഹബന്ധം വേര്‍പ്പെടുത്തിയ മാതാപിതാക്കള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ തേങ്ങലുകള്‍ കേള്‍ക്കാന്‍ ഇന്നാരുണ്ട്..? കുടുബം എന്ന പാഠശാലയിലെ ഗുരുക്കന്മാരുടെ സ്ഥാനം അലങ്കരിക്കേണ്ട മാതാപിതാക്കള്‍ പലപ്പോഴും ശിക്ഷകരായി മാറുന്നു.

മാതൃകാപരമായ കുടുംബബന്ധം പടുത്തുയര്‍ത്തി സന്തുഷ്ഠ കുടുംബത്തിന്റെ സനാതന മൂല്യങ്ങള്‍ ഇളംതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനു പകരം അശാന്തിയുടേയും, അധാര്‍മ്മികതയുടേയും, സ്വാര്‍ത്ഥതയുടേയും വിദ്വേഷത്തിന്റേയും വിഷവിത്തുകള്‍ ഇളം മനസ്സുകളില്‍ വിതക്കുന്നത് ഖേദകരമാണ്.

അനാരോഗ്യകരമായ പാശ്ചാത്യജീവിതശൈലി അന്ധമായി പിന്തുടരുന്നതിനുള്ള അഭിവാഞ്ച ഒരു പരിധിവരെ നമ്മുടെ കുടുംബ ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ഈ ദുഃസ്ഥിതിക്കു ഒരു സമൂല പരിവര്‍ത്തനം നമ്മുടെ സമൂഹത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

സുദൃഢമായ കുടുംബ ജീവിതമുള്ളിടത്ത് ദുഖത്തിനും നിരാശയ്ക്കും പീഡനങ്ങള്‍ക്കും സ്ഥാനമില്ല. കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന സാഹാചര്യങ്ങളെ ഒഴിവാക്കി മൂല്യാധിഷ്ഠവും, മാതൃകാപരവുമായ യുവതലമുറ ഉ യര്‍ന്നുവരണം.

അങ്ങനെയെങ്കില്‍ മാത്രമേ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഇത്തരം വിഷലിപ്തമായ ദുഷ്പ്രവണതകള്‍ മുളയിലേ നുള്ളിക്കളയാന്‍ കഴിയുകയുള്ളൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments