ന്യൂദല്‍ഹി: അടുത്ത 30 വര്‍ഷവും ബി ജെ പിയെ ചുറ്റിപ്പറ്റിയായിരിക്കും ദേശീയ രാഷ്ട്രീയം നിലനില്‍ക്കുകയെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ ഒരു തിരഞ്ഞെടുപ്പ് പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പി വരും ദശകങ്ങള്‍ ഇന്ത്യയില്‍ സ്വാധീനം ചെലുത്തും. ബി ജെ പി ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി തുടരുന്നു. അതേസമയം പ്രതിപക്ഷം വികസിക്കുന്നത് തുടരും. ഒരുപക്ഷെ ഏതാനും വര്‍ഷങ്ങളോ അതില്‍ കൂടുതലോ ഉള്ള സമയത്തിനുള്ളില്‍ അവര്‍ തങ്ങളുടെ പ്രവര്‍ത്തനം ശരിയാക്കും എന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്….
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നിങ്ങള്‍ 30 ശതമാനത്തിലധികം വോട്ടുകള്‍ നേടിക്കഴിഞ്ഞാല്‍, ആര്‍ക്കും നിങ്ങളെ അകറ്റാന്‍ ആഗ്രഹിക്കാനാവില്ല. അതിനര്‍ത്ഥം എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ വിജയിച്ച് കൊണ്ടേയിരിക്കും എന്നല്ല. ആദ്യത്തെ 40-50 വര്‍ഷക്കാലം, ഇന്ത്യയിലെ രാഷ്ട്രീയം കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റിയായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു അല്ലെങ്കില്‍ അതിനെ എതിര്‍ത്തിരുന്നു. അടുത്ത 20-30 വര്‍ഷത്തിനുള്ളില്‍, ഇന്ത്യന്‍ രാഷ്ട്രീയം ബി ജെ പിയെ ചുറ്റിപ്പറ്റിയാണ് ഞാന്‍ കാണുന്നത്. ഒന്നുകില്‍ നിങ്ങള്‍ ബി ജെ പിക്കൊപ്പമാണ്, അല്ലെങ്കില്‍ നിങ്ങള്‍ അതിനെ എതിര്‍ക്കുന്നു, പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.