സുനിൽ ട്രൈസ്റ്റാർ
ന്യൂയോർക്ക്: മേയ് 31 ന് തൃക്കാക്കരയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ സജീവമാണ്. അമേരിക്കൻ മലയാളി സമൂഹവും ആവേശത്തോടെ തന്നെയാണ് നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചുവരുന്നത്. നാടിന്റെ വികസനമെന്ന വാഗ്ദാനമന്ത്രവുമായി സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്. രാഷ്ട്രീയരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാത്ത സ്ഥാനാർത്ഥികൾ എന്നതുകൊണ്ടുതന്നെ മണ്ഡലത്തിലെ ജനങ്ങൾ ആർക്കൊപ്പം നിലകൊള്ളുമെന്നത് പ്രവചനാതീതമാണ്. ആര് വിജയിക്കുമെന്ന് തീർത്തുപറയാൻ കഴിയാത്ത സാഹചര്യം തന്നെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ‘ത്രില്ലിംഗ് ഫാക്ടർ’. ജനഹൃദയങ്ങളിൽ കയറിക്കൂടാൻ കാർഡിയോളോജിസ്റ്റായ ഡോ.ജോ ജോസഫിന് സാധിക്കുമോ അതോ, മണ്ഡലത്തിന്റെ നാഡീസ്പന്ദനം തൊട്ടറിഞ്ഞ പി.ടി.തോമസിന്റെ സഹധർമ്മിണി ഉമാ തോമസിനോട് വോട്ടർമാർ ചായ്‌വ് കാട്ടുമോ എന്നിങ്ങനെ നിരവധി കാര്യങ്ങൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
നിലവിലെ ഭരണത്തോടുള്ള വിലയിരുത്തൽ എന്ന നിലയിൽ ഇടതുമുന്നണി ഈ മത്സരത്തെ ഗൗരവത്തോടെ കാണുമ്പോൾ, മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമുള്ള തൃക്കാക്കരയിൽ ഒരിക്കൽപോലും എൽഡിഎഫിന് വിജയം കൊയ്യാൻ കഴിയാത്തത് ഐക്യജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.
ജിനേഷ് തമ്പി അവതരിപ്പിക്കുന്ന ‘ലൈവ് വിത്ത് ജിനേഷ് ‘ എന്ന പരിപാടിയിൽ ‘സെഞ്ച്വറി അടിക്കുമോ എൽ.ഡി.എഫ്’ എന്ന വിഷയം അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നു.
റോബിൻ ചെറിയാൻ (ഇടതു സഹയാത്രികൻ),വിശാഖ് ചെറിയാൻ (കോൺഗ്രസ്), ശിവദാസൻ നായർ (ബി.ജെ.പി),മാത്യുക്കുട്ടി ഈശോ (ആം ആദ്മി പാർട്ടി)എന്നിവർ പങ്കെടുക്കുന്ന സംവാദത്തിന്റെ തത്സമയ സംപ്രേഷണം പ്രവാസി ചാനലിലൂടെയും ഇമലയാളീ വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും 24 അവേഴ്‌സിലൂടെയും വ്യാഴാഴ്ച മേയ് 26 ന് ന്യൂയോർക്ക് സമയം വൈകിട്ട് 8 മണിക്ക് പ്രിയപ്രേക്ഷകർക്ക് കണ്ടാസ്വദിക്കാം.
ലോകത്തെവിടെ നിന്നും പ്രവാസി ചാനൽ കാണാൻ www.pravasichannel.com സന്ദർശിക്കാം.