ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സഹിതം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കി.
ജൂണ്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതോടെ, ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും.
ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍, ഇത് 2072 ആണ്. ആയിരം സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ദ്ധന താരതമ്യേനെ കുറവാണ്. 7897 ആയാണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. ഇപ്പോള്‍ 7890 ആണ് നിരക്ക്.
ഇരു ചക്രവാഹനങ്ങളുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 1366 ആണ് പുതുക്കിയ നിരക്ക്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്ക് 2804 ആയാണ് ഉയര്‍ന്നത്. 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 ആണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.