കൊച്ചി: ആലുവയില്‍ സ്ത്രീധനമാവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെയും പിതാവിനെയും മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പറവൂര്‍ മന്നം സ്വദേശി ജൗഹറാണ് അറസ്റ്റിലായത്. അറസ്റ്റ് ഭയന്ന് ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.
യുവതിയും, പിതാവും പോലീസില്‍ പരാതി നല്‍കിയ പിന്നാലെ ജൗഹര്‍ ഒളിവില്‍ പോയിരുന്നു. മുപ്പത്തടത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും വാഹനത്തില്‍ ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
രാവിലെ ഇയാളുടെ സുഹൃത്തും ആറാം പ്രതിയുമായ സഹലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജൗഹറിനെ അറസ്റ്റ് ചെയ്തത് എന്നാണ് സൂചന.
ആലുവ തുരുത്ത് സ്വദേശിയായ സലീമിന്റെ മകള്‍ നൗലത്തിനെയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹര്‍ മര്‍ദ്ദിച്ചത്. ഇത് തടയാനെത്തിയ സലീമിനെ ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു.
ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി.
മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മര്‍ദനം.