എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ അംഗീകൃത പകര്‍പ്പ് ഇ.ഡി കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്.
സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നല്‍കിയിട്ടും അന്വേഷിച്ചില്ലന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴി ലഭിച്ചാല്‍ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇ.ഡിയുടെ നീക്കം. കസ്റ്റംസിന് സ്വപ്ന മൊഴി നല്‍കിയപ്പോള്‍ തന്നെ ഇ.ഡി അതിന്‍റെ പകര്‍പ്പാവശ്യപ്പെട്ടിരുന്നു.
അതേസമയം, സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മൂന്നാം കക്ഷിക്ക് മൊഴി പകര്‍പ്പ് നല്‍കാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒരു തെളിവുപോലും സ്വപ്നക്ക് ഹാജരാകാന്‍ സാധിച്ചിട്ടില്ലെന്ന് സരിത പ്രതികരിച്ചു.