Saturday, December 21, 2024

HomeAmericaഫാ സ്റ്റാന്‍സ്വാമിയുടെ സ്മരണയില്‍ ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ഫാ സ്റ്റാന്‍സ്വാമിയുടെ സ്മരണയില്‍ ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

spot_img
spot_img

(പി.ഡി. ജോര്‍ജ് നടവയല്‍)

ഇന്ത്യയിലെ ദുര്‍ബല വിഭാഗത്തിന് വേണ്ടി ജീവിതം ത്യജിച്ച ഫാ സ്റ്റാന്‍ സ്വാമിയുടെ സ്മരണയില്‍ ‘ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക’ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സാംസ്കാരിക ഗുരു ഫാ. എം.കെ കുര്യാക്കോസ്, കവി പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍, നോവലിസ്റ്റ് നീനാ പനയ്ക്കല്‍, സാഹിത്യകാരന്‍ ജെ മാത്യൂ സാര്‍, സിനിമാ നടനും ചെറുകഥാകൃത്തുമായ തമ്പി ആന്റണി, സാമൂഹ്യ പ്രവര്‍ത്തകനായ വിന്‍സന്റ് ഇമ്മാനുവേല്‍, ഓര്‍മാ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് ഫാ. ഫിലിപ് മോഡയില്‍, സാഹിത്യകാരന്‍ അശോകന്‍ വേങ്ങശ്ശേരി, മുന്‍ ഫൊക്കാനാ പ്രസിഡ്ന്റ്‌റ് മാധവന്‍ നായര്‍, നര്‍ത്തകിയും ചിത്രകാരിയുമായ നിമ്മീ ദാസ്, പത്രപ്രവര്‍ത്തകന്‍ പി പി ചെറിയാന്‍, ഫിലഡല്‍ഫിയ പ്രസ് ക്‌ളബ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, സാമൂഹിക പ്രവര്‍ത്തകരായ ജോസ് ആറ്റുപുറം, സിബിച്ചന്‍ ചെമ്പ്‌ളായില്‍, മലയളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്ററ് ഫിലഡല്‍ഫിയ പ്രസിഡന്റ് ഷാലൂ പുന്നൂസ്, പമ്പാ പ്രസിഡന്റ് അലക്‌സ് തോമസ്, കലാ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ജോജൊ കോട്ടൂര്‍, ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍ എന്നിവര്‍ സംയുക്തമായാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ഫാ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യങ്ങളിലൊരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു നിലവിളിയാണ്. 84 വയസ്സുള്ള മനുഷ്യസ്‌നേഹി എന്ന പരിഗണപോലും ഫാ സ്റ്റാന്‍ സ്വാമിയ്ക്ക് ലഭിച്ചില്ല. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്ന സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ച അവസ്ഥ മഹത്വ ശീലങ്ങളില്‍ നീതിമാന്റെ രക്തം വീഴ്ത്തുന്ന ക്രൂരതയുടെ ആവര്‍ത്തനമാണ്.

ജനതയുടെ മനഃസാക്ഷിക്ക് മുന്നില്‍ നീറുന്ന ചോദ്യചിഹ്നമാണ് സ്വാമിയുടെ മരണം. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിനു ജാമ്യം പോലും നിഷേധിച്ചത് തികച്ചും മനുഷ്യാവകാശ ലംഘനമാണ്.

മനുഷ്യാവകാശ പ്രവര്‍ത്തനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കൈവശം അഗ 47 ഇല്ല, ബോംബില്ല, ഗ്രനേഡ് ഇല്ല. പക്ഷെ, ഭരണാധികാരികള്‍ അദ്ദേഹത്തെ തീവ്രവാദിയും രാജ്യദ്രോഹിയും എന്ന് മുദ്രകുത്തി. മാനുഷിക അവകാശങ്ങള്‍ ഹനിച്ച് കൊല്ലാതെ കൊന്നു. ഫാ. സ്റ്റാന്‍ സ്വാമി ഭാരത മണ്ണിലെ ഇന്നിന്റെ രക്തസാക്ഷിയാണ്.

പാവപ്പെട്ടവരോടൊപ്പം നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഒരു ഭാരത പൗരനാണ് ഇദ്ദേഹം. ഇന്ത്യ എന്ന മഹാരാജ്യത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ നിരുപദ്രവകാരിയായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക നെ ഇഞ്ചിഞ്ചായി കൊന്ന ഭരണ കൂടം ആരെയാണ്, ഭയക്കുന്നത്?

84 വയസ്സുള്ള വൈദികനെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തപ്പോള്‍ ചിന്താ സമൂഹം അതിനെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. ജയിലില്‍ ആരോഗ്യസ്ഥിതി മോശമായപ്പോഴും പിന്നീട് കോവിഡ് ബാധിതനായി ജീവന് തന്നെ ഭീഷണിയായപ്പോഴും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ട് നീതിബോധമുള്ളവര്‍ മുന്നിട്ടിറങ്ങി. എന്നിട്ടും മതിയായ ചികിത്സ പോലും നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഒമ്പതു മാസമായി ജയിലില്‍ തുടര്‍ന്നിരുന്ന അദ്ദേഹത്തിന്റെ മോചനം തേടിയുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടു എന്നതാണ് സത്യം.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷമായി ഭരണകൂടം വേട്ടയാടിയ മനുഷ്യവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു.

മുംബൈ ഹോളിഫാമിലി ആശുപത്രിയിലായിരിന്നു അന്ത്യം. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാര്‍ക്കിസാന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലില്‍ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് മുംബൈ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്.

ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍ഐഎ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരിന്നു.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments