ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം തവണയും ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2022ലെ പട്ടിക പുറത്തിറക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെയാണ് തൊട്ടുപിന്നില്‍. സര്‍വകലാശാലകളില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന് പിന്നില്‍ ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐഐടി മദ്രാസാണ് ഏറ്റവും മികച്ച എന്‍ജിനിയീറിങ് കോളജ്. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണ് തൊട്ടുപിന്നില്‍. മെഡിക്കല്‍ കോളജുകളില്‍ ഡല്‍ഹി എയിംസാണ് ആദ്യ സ്ഥാനത്ത്. മികച്ച കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസാണ് മുന്‍നിരയില്‍. ഹിന്ദു കോളജാണ് രണ്ടാം സ്ഥാനത്ത്.
മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഐഐഎം അഹമ്മദാബാദാണ് ഏറ്റവും മികച്ചതെന്ന് റാങ്ക് പട്ടികയില്‍ പറയുന്നു. പട്ടികയില്‍ കേരളത്തിനുമുണ്ട് അഭിമാനിക്കാവുന്ന നേട്ടം. ബി സ്‌കൂളുകളില്‍ ഐഐഎം കോഴിക്കോട് അഞ്ചാം സ്ഥാനത്ത് എത്തി.