തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവ് വന്നതോടെ മദ്യശാലകള്‍ തുറക്കുകയും തുടര്‍ന്ന് അനുഭവപ്പെട്ട നീണ്ട തിരക്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോവിഡ് വ്യാപന സമയത്ത് മദ്യശാലയ്ക്ക് മുന്നിലായി ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളണമായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബിവറേജസ് തുറന്നതോടെ ഇതിന് മുന്‍പില്‍ ആളുകളുടെ തിരക്കാണ്. കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമാണിതെന്നും ഇത് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇത് ശരിവെച്ച കോടതി വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് കൂടാതെ എക്‌സൈസ് കമ്മിഷണറോട് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കും ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ ചിത്രങ്ങളും കോടതി പരിഗണിച്ചു.
കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇത്തരം അയവ് പാടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരും ആരോഗ്യ സംവിധാനങ്ങളും പെടാപ്പാട് പെടുന്ന സമയത്തും ഇതൊന്നും അറിഞ്ഞ മട്ടില്ല എന്ന രൂപത്തിലാണ് ഒരു വിഭാഗം ജനങ്ങളുടെ ഇടപെടല്‍. അതില്‍ എടുത്ത് പറയേണ്ടത് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകകളില്‍ അനുഭവപ്പെടുന്ന തിരക്ക് തന്നെയാണ്.
കോവിഡ് നിയന്ത്രണങ്ങളും സാമൂഹ്യ അകലവും കാറ്റില്‍ പറത്തി വന്‍ തിരക്കാണ് ഔട്ട് ലെറ്റുകളില്‍ അനുഭവപ്പെടുന്നത്. ഒരുപാട് കാലം അടഞ്ഞു കിടന്ന മദ്യ വിപണന കേന്ദ്രങ്ങള്‍ തുറന്നതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ ജീവനക്കാരും തൊഴിലാളികളും ജോലി കഴിഞ്ഞ് മദ്യം വാങ്ങാന്‍ വൈകുന്നേരം ഔട്ട് ലെറ്റുകളില്‍ ഒത്തുകൂടുന്നതാണ് ഇത്തരത്തില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമാകുന്നത്.
ആദ്യ ലോക്ക് ഡൗണ്‍ കാലയളവില്‍, സംസ്ഥാന സര്‍ക്കാര്‍ തിരക്ക് നിയന്ത്രിക്കാന്‍ ആപ്പ് സൗകര്യം അവതരിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത്തവണ നേരിട്ട് വാങ്ങാന്‍ അനുവദിച്ചതോടെയാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മദ്യവില്പന ശാലകള്‍ മാറുന്നത്.
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണും കേരള അതിര്‍ത്തികളിലെ മദ്യവില്‍പ്പശാലകള്‍ അടയ്ക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടില്‍നിന്നും മദ്യം വാങ്ങാനെത്തുവരുടെ എണ്ണവും കൂടുകയാണ്. തുടര്‍ന്ന് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
പൊലീസ് പരിശോധനയും മറികടന്നാണ് ആളുകള്‍ മദ്യം വാങ്ങാനെത്തുന്നത്. തമിഴ്‌നാട് പൊലീസ് നിരീക്ഷണം കുറച്ചതിനാല്‍ ഊടുവഴികളിലൂടെയും മറ്റും എത്തി മദ്യം വാങ്ങി ഊടുവഴികളിലൂടെ തന്നെ ഇവര്‍ മടങ്ങുന്നു. എത്തുന്നവരില്‍ ചിലര്‍ മാസ്‌ക് പോലും ശരിയായി ധരിക്കുന്നില്ല. നഗരത്തിലെ എല്ലാ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റിലും നല്ല തിരക്കായിരുന്നു.