തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരായി ഡി.വൈ.എഫ്.ഐ നല്കിയ പരാതിയില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും.
ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിലെ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. സമാന കേസില്‍ പ്രതി ചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെ.എസ്. ശബരിനാഥനും എതിരെ എയര്‍ക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എടുത്ത കേസായതിനാല്‍ അപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പല തവണ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിര്‍ദേശത്തോടെയാണ് ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും, പേഴ്സണല്‍ സ്റ്റാഫിനുമെതിരെ കേസെടുത്തത്. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എയര്‍ക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റം ഒഴിവാക്കി.
പ്രതിഷേധം നടന്ന വിമാനത്തില്‍ കയറിയിട്ടില്ലാത്ത ശബരിനാഥനെതിരെ പോലും വിമാന സുരക്ഷാ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകള്‍ ചുമത്തിയിരുന്നു. അപ്പോഴാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ നേരിട്ട മൂന്ന് പേരെ എയര്‍ക്രാഫ്റ്റ് ആക്റ്റില്‍ നിന്ന് ഒഴിവാക്കിയത്.
കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസായതിനാല്‍ എഫ്.ഐ.ആറില്‍ കോടതി നിര്‍ദേശിച്ചിരിക്കുന്ന വകുപ്പുകള്‍ മാത്രമേ ചുമത്താനാവൂവെന്നാണ് പൊലീസ് വിശദീകരണം. ഐപിസി307, 308, 120 (ആ), 506 എന്നീ വകുപ്പുകളാണ് പരാതിക്കാരുടെ ഹര്‍ജിയിലും കോടതി ഉത്തരവിലും ഉണ്ടായിരുന്നതെന്നും അവ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നും വലിയതുറ പൊലീസ് വിശദീകരിക്കുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ പരാതിക്കാര്‍ നല്കിയ ഹര്‍ജിയില്‍ വകുപ്പ് പ്രത്യേകം പറഞ്ഞിട്ടില്ലങ്കിലും വിമാനയാത്രാനിയമപ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിച്ചിരുന്നു. കേസെടുത്തെങ്കിലും വേഗത്തില്‍ ഇ.പി. ജയരാജന്റെയോ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെയൊ അറസ്റ്റിലേക്ക് കടക്കാന്‍ സാധ്യതയില്ല.
പരാതിക്കാരുടെ വിശദ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്നാണ് പൊലീസ് നിലപാട്. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലെ സംഘം തന്നെയാണ് പുതിയ കേസും അന്വേഷിക്കുന്നത്. അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.